റിയാദ്: ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സൗദി അറേബ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. ഉഭയകക്ഷി ബന്ധങ്ങളും നയതന്ത്ര പങ്കാളിത്തവും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം. തിങ്കളാഴ്ച റിയാദിലെത്തിയ അദ്ദേഹത്തിന് വിമാനത്താവളത്തിൽ സൗദി വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയ കാര്യ വിഭാഗം ഡെപ്യൂട്ടി മന്ത്രി ഡോ. സഊദ് അൽ സാതി, സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ ഖാൻ എന്നിവരുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.
സന്ദർശനത്തിന്‍റെ ഭാഗമായി റിയാദിൽ നടന്ന ഉന്നതതല കൂടിക്കാഴ്ചകളിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ അൽ സഊദ്, ഊർജ്ജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ അൽ സഊദ്, സൗദി സഹമന്ത്രിയും മന്ത്രിസഭാംഗവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഇദ് അൽ ഈബാൻ എന്നിവരുമായി അജിത് ഡോവൽ പ്രത്യേകം ചർച്ചകൾ നടത്തി. ഡോ. സഊദ് അൽ സാതിയും ഈ നിർണായക യോഗങ്ങളിൽ പങ്കെടുത്തു.മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിെൻറ നിലവിലെ പുരോഗതിയും കൂടിക്കാഴ്ചകളിൽ വിശദമായി അവലോകനം ചെയ്തു.
ആഗോളതലത്തിൽ നിർണായകമായ ഊർജ്ജ സുരക്ഷ ഉറപ്പാക്കൽ, ഇന്ധന വിതരണത്തിലെ സ്ഥിരത, തടസ്സമില്ലാത്ത വിതരണ ശൃംഖല, അന്താരാഷ്ട്ര ജലപാതകളുടെ സുരക്ഷക്കായി ഇരുരാജ്യങ്ങളും സംയുക്തമായി നടത്തേണ്ട നീക്കങ്ങൾ എന്നിവയായിരുന്നു ചർച്ചയിലെ പ്രധാന വിഷയങ്ങൾ. പരസ്പര താൽപ്പര്യമുള്ള പ്രാദേശിക-ആഗോള വിഷയങ്ങളിൽ ഒറ്റക്കെട്ടായി നീങ്ങാനും, വരുംദിവസങ്ങളിൽ ഇന്ത്യയും സൗദിയും തമ്മിലുള്ള സൗഹൃദവും നയതന്ത്ര-ഊർജ്ജ സഹകരണവും കൂടുതൽ വിപുലമാക്കാനും യോഗത്തിൽ ധാരണയായി.
