അംഗീകാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേരരുത്; മുന്നറിയിപ്പുമായി സൗദി വിദ്യാഭ്യാസ മന്ത്രാലയം

റിയാദ്: സൗദി അറേബ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയമസാധുതയും അക്കാദമിക് അംഗീകാരവും ഉറപ്പുവരുത്താൻ ഔദ്യോഗിക ചാനലുകളെ മാത്രം ആശ്രയിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയവും കൗൺസിൽ ഓഫ് യൂണിവേഴ്സിറ്റി അഫയേഴ്സും ആവശ്യപ്പെട്ടു. അംഗീകാരമുള്ളതും ശുപാർശ ചെയ്യപ്പെട്ടതുമായ സർവകലാശാലകളുടെ വിവരങ്ങൾ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.

രാജ്യത്തെ വിദ്യാഭ്യാസ അന്തരീക്ഷം സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനും മന്ത്രാലയവും കൗൺസിലും പ്രതിജ്ഞാബദ്ധമാണ്. വിദ്യാഭ്യാസ മേഖലയിലെ നിയമങ്ങളും ചട്ടങ്ങളും എല്ലാ സ്ഥാപനങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം. ആവശ്യമായ നടപടികൾ പൂർത്തിയാക്കാതെയും ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ലൈസൻസ് നേടാതെയും, വിദേശ സർവകലാശാലകളുമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും പങ്കാളിത്തമുണ്ടെന്ന് അവകാശപ്പെടുന്ന ചില സ്ഥാപനങ്ങളെക്കുറിച്ച് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ കർശന നിർദേശം. ലൈസൻസില്ലാത്ത ഇത്തരം സ്ഥാപനങ്ങളോ വ്യക്തികളോ നൽകുന്ന അക്കാദമിക് പ്രോഗ്രാമുകളുമായോ കോഴ്സുകളുമായോ യാതൊരു തരത്തിലും സഹകരിക്കരുതെന്ന് അധികൃതർ കർശന മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *