റിയാദ്: സൗദി പബ്ലിക് പ്രോസിക്യൂഷനും വാർത്താവിനിമയ മന്ത്രാലയവും തമ്മിലുള്ള സംയുക്ത സഹകരണം ശക്തമാക്കുന്നതിനായി പബ്ലിക് പ്രോസിക്യൂട്ടർ ശൈഖ് ഡോ. ഖാലിദ് അൽ യൂസുഫ്, വാർത്താവിനിമയ മന്ത്രി സൽമാൻ അൽ ദോസരിയുമായി കൂടിക്കാഴ്ച നടത്തി. റിയാദിലെ പബ്ലിക് പ്രോസിക്യൂഷൻ ആസ്ഥാനത്തുവെച്ചായിരുന്നു കൂടിക്കാഴ്ച. മാധ്യമ രംഗത്തെ നിയമപരമായ ആശയവിനിമയം മെച്ചപ്പെടുത്തുക, അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നിയമങ്ങൾ പാലിക്കുന്നതിനും സഹായകരമാകുംവിധം മാധ്യമ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ ഏകോപനം ശക്തമാക്കുക എന്നിവ യോഗത്തിൽ പ്രധാന ചർച്ചയായി. ഇതുകൂടാതെ, ഡിജിറ്റൽ മേഖലയിലെ പരിചയസമ്പത്ത് കൈമാറുന്നതിനെക്കുറിച്ചും, സമൂഹത്തിൽ അവബോധം വളർത്തുന്നതിനും വ്യാജവാർത്തകളുടെ പ്രചരണം തടയുന്നതിനും ലക്ഷ്യമിട്ടുള്ള മാധ്യമ ഉള്ളടക്കങ്ങൾ നിർമിക്കുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു.
അവകാശങ്ങൾ സംരക്ഷിക്കുന്നതിലും നീതി നടപ്പാക്കുന്നതിലും പബ്ലിക് പ്രോസിക്യൂഷൻ വഹിക്കുന്ന പങ്കിനെ വാർത്താവിനിമയ മന്ത്രി പ്രശംസിച്ചു. നിയമപരമായ സന്ദേശങ്ങളും സംരംഭങ്ങളും പ്രൊഫഷണൽ രീതിയിൽ ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ട് നീതിന്യായ വ്യവസ്ഥയുടെ സുപ്രധാന പങ്കാളിയായി മാധ്യമ സംവിധാനം പ്രവർത്തിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.മാധ്യമരംഗത്തെ ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റൽ സാന്നിധ്യം ശക്തമാക്കുന്നതിനും വാർത്താവിനിമയ മന്ത്രാലയം നടത്തുന്ന ശ്രമങ്ങളെ പബ്ലിക് പ്രോസിക്യൂട്ടർ അഭിനന്ദിച്ചു. വിശ്വസനീയമായ നിയമവിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും നിയമങ്ങൾ അനുസരിക്കുന്ന സംസ്കാരം വളർത്താനും മന്ത്രാലയത്തിന്റെ ഈ ഇടപെടലുകൾ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
