മൈക്രോസോഫ്റ്റില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; 4800 ജീവനക്കാര്‍ പുറത്തേക്ക്

വാഷിങ്ടൻ: മൈക്രോസോഫ്റ്റില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. 4800 ജീവനക്കാരെയാണ് ഒറ്റയടിക്ക് പിരിച്ചുവിട്ടത്. മൈക്രോസോഫ്റ്റിന്റെ ലോകമെമ്പാടുമുള്ള ആകെ ജീവനക്കാരില്‍ 2.1 ശതമാനം പേരെയാണ് ഒറ്റയടിക്ക് പിരിച്ചുവിട്ടിരിക്കുന്നത്. സേല്‍സ്, ബിസിനസ്, XBOX ഗെയിമിങ് ഡിവിഷനുകളില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരെയാണ് കൂടുതലായി പിരിച്ചുവിട്ടിരിക്കുന്നത്.

ജീവനക്കാര്‍ക്ക് കമ്പനിയുടെ ചീഫ് പീപ്പിള്‍ ഓഫിസര്‍ ആമി കോള്‍മന്‍ മെമ്മോ അയച്ചുകൊണ്ട് ഇവരെ പിരിച്ചുവിട്ടതായി അറിയിക്കുകയായിരുന്നു. മാറിവരുന്ന സാഹചര്യങ്ങളില്‍ കസ്റ്റമേഴ്‌സിനെ കൂടുതല്‍ നന്നായി സേവിക്കുന്നതിന്റെ ഭാഗമായി ചില മുന്‍ഗണനകളില്‍ കമ്പനി മാറ്റം വരുത്തിയിട്ടുണ്ടെന്നും അതിന്റെ ഭാഗമായാണ് ഈ പിരിച്ചുവിടലെന്നുമാണ് ഇ-മെയിലില്‍ പറയുന്നത്.

മൈക്രോസോഫ്റ്റില്‍ കൂട്ടപ്പിരിച്ചുവിടലുകള്‍ തുടര്‍ക്കഥയാകുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷവും പതിനായിരക്കണക്കിന് പേരെ കമ്പനി പിരിച്ചുവിട്ടിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ മൈക്രോസോഫ്റ്റ് വലിയ തോതില്‍ നിക്ഷേപം നടത്തുന്നതിനിടെയാണ് കൂട്ടപ്പിരിച്ചുവിടല്‍ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഉള്‍പ്പെടെ മൈക്രോസോഫ്റ്റ് ഓഹരികള്‍ 19 ശതമാനം ഇടിഞ്ഞു എന്നതും ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *