രാജ്യത്ത് ഉൽപന്നങ്ങൾ നിരോധിക്കുന്നതിന്റെ കാരണങ്ങൾ വ്യക്തമാക്കി ഒമാൻ കൺസ്യൂമർ അതോറിറ്റി

മസ്കത്ത്: രാജ്യത്ത് ഉൽപന്നങ്ങളുടെ വിപണനവും വിതരണവും നിരോധിക്കുന്നതിനുള്ള പ്രധാന സാഹചര്യങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കി ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി. ഉപഭോക്താക്കളുടെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് വിശദീകരണം. അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം വിവിധ കാരണങ്ങളാൽ ഉൽപന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്താം.

നിശ്ചയിക്കപ്പെട്ട ഗുണനിലവാര മാനദണ്ഡങ്ങളും സ്പെസിഫിക്കേഷനുകളും ലംഘിക്കുന്ന ഉൽപന്നങ്ങൾ, നിർമാണത്തിലോ ഗുണമേന്മയിലോ ഉള്ള തകരാറുകൾ കാരണം സുരക്ഷയെ ബാധിക്കുന്ന ഉൽപന്നങ്ങൾ, മനുഷ്യന്റെ ആരോഗ്യത്തിന് ഏതെങ്കിലും തരത്തിൽ ഭീഷണിയോ അപകടമോ ഉണ്ടാക്കുന്നവ, ഇസ്‍ലാമിക ആചാരങ്ങൾ, പാരമ്പര്യങ്ങൾ, സാമൂഹിക മൂല്യങ്ങൾ എന്നിവക്ക് വിരുദ്ധമായ രീതിയിലുള്ള ഉൽപന്നങ്ങളും അവയുടെ വിപണനവും സുൽത്താനേറ്റിൽ പൂർണമായും നിരോധിച്ചിരിക്കുന്നു. ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതോ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളിൽ നിന്ന് ആവശ്യമായ ലൈസൻസുകളും അനുമതികളും നേടാത്തതോ ആയ ഒരു ഉൽപന്നവും വിൽക്കാനോ സേവനങ്ങൾ നൽകാനോ പാടില്ലെന്ന് അതോറിറ്റി കർശന മുന്നറിയിപ്പ് നൽകി. ഉപഭോക്തൃ സംരക്ഷണ നിയമവും അതിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളും ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും സിപിഎ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *