ചെന്നൈ: തമിഴക വെട്രി കഴകം നേതാവ് വിജയ്‌യുടെ സ്വത്തുവിവരത്തിലെ പൊരുത്തക്കേടിനെപ്പറ്റി ആദായനികുതിവകുപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ മദ്രാസ് ഹൈക്കോടതി തിങ്കളാഴ്ച നോട്ടീസയച്ചു. തിരഞ്ഞെടുപ്പു നാമനിർദേശപത്രികകൾക്കൊപ്പം നൽകിയ സത്യവാങ്മൂലങ്ങളിലെ സ്വത്തുവിവരത്തിൽ 100 കോടി രൂപയുടെ വ്യത്യാസമാണുള്ളതെന്നും ഇത് ക്രമക്കേടാണെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ധർമാധികാരിയും ജസ്റ്റിസ് ജി. അരുൾ മുരുകനുമടങ്ങുന്ന ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിൽ പെരമ്പൂരിൽനിന്നും തിരുച്ചി ഈസ്റ്റ് മണ്ഡലത്തിൽനിന്നും മത്സരിക്കുന്ന വിജയ് രണ്ടിടത്തുമായി നൽകിയ സ്വത്തുവിവരങ്ങളിൽ പൊരുത്തക്കേടുകളുണ്ടെന്നു കാണിച്ച് വി. വിഗ്നേഷ് എന്നയാളാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജി സ്വീകരിച്ച കോടതി വിജയ്‌ക്കും ആദായനികുതി വകുപ്പ് ഡയറക്ടർ ജനറലിലും തിരഞ്ഞടുപ്പു കമ്മിഷനും പെരമ്പൂർ, തിരുച്ചി ഈസ്റ്റ് മണ്ഡലങ്ങളിലെ വരണാധികാരികൾക്കും നോട്ടീസയച്ചു.
