കോഴിക്കോട്: അർബുദചികിത്സയുടെ സുപ്രധാനഘട്ടമായ കീമോതെറാപ്പിക്ക് ഉപയോഗിക്കുന്ന പ്രധാനപ്പെട്ട മൂന്ന് മരുന്നുകൾക്കുള്ള ക്ഷാമം കടുക്കുന്നു. ഈ മരുന്നുകളുടെ പ്രധാന അസംസ്‌കൃതവസ്തുവായ പ്‌ളാറ്റിനം എന്ന അമൂല്യലോഹത്തിന്റെ ലഭ്യതക്കുറവാണ് മരുന്നിന്റെ ക്ഷാമത്തിലേക്ക് നയിക്കുന്നത്. ഇന്ത്യയിൽ അർബുദചികിത്സയ്ക്ക് വ്യാപകമായി ഉപയോഗിക്കുന്നതും വിലകുറഞ്ഞതുമായ സിസ്പ്‌ളാറ്റിൻ, കാർബോപ്ലാറ്റിൻ, ഓക്‌സാലിപ്‌ളാറ്റിൻ എന്നീ മരുന്നുകളുടെ ലഭ്യതയാണ് ഇന്ത്യൻ വിപണിയിൽ പെട്ടെന്ന് കുറഞ്ഞത്.
ഈ മരുന്നുകളുടെ പ്രധാന അസംസ്‌കൃതവസ്തുവാണ് പ്ലാറ്റിനം. പ്ലാറ്റിനത്തിന്റെ ലോകത്തിലെ ഏറ്റവുംവലിയ േസ്രാതസ്സായ ദക്ഷിണാഫ്രിക്കയിൽ ഉത്പാദനത്തിലുണ്ടായ ഇടിവാണ് ആഗോളതലത്തിലുള്ള ക്ഷാമത്തിന് കാരണമായത്. ഇതിനുപുറമേ ഇസ്രയേൽ-ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുഗതാഗതത്തിലുണ്ടായ പ്രതിസന്ധിയും മറ്റൊരുകാരണമായി. ചരക്കുഗതാഗതം തടസ്സപ്പെട്ടതോടെ ഇന്ത്യയിലെത്തുന്ന പ്‌ളാറ്റിനത്തിന്റെ വില വളരെയേറെ ഉയർന്നു.
