വരുമാനത്തില്‍ റെക്കോർഡിട്ട് ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്ത്

ഡെറാഡൂൺ: ഇന്ത്യൻ പ്രീമിയർ ലീ​ഗിലും ഇന്ത്യൻ ജേഴ്സിയിലും നിറം മങ്ങിയെങ്കിലും വരുമാനത്തില്‍ റെക്കോർഡിട്ട് ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്ത്. ഉത്തരാഖണ്ഡിൽ നിന്ന് ഏറ്റവും കൂടുതൽ ആദായനികുതി അടച്ച വ്യക്തിഗത നികുതിദായകനെന്ന റെക്കോര്‍ഡാണ് റിഷഭ് പന്ത് സ്വന്തമാക്കിയത്. ആദായനികുതി ദിനത്തോടനുബന്ധിച്ച് ഉത്തരാഖണ്ഡ് ആദായനികുതി ചീഫ് കമ്മീഷണർ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 23.84 കോടി രൂപയാണ് റിഷഭ് പന്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആദായ നികുതിയിനത്തിൽ മാത്രം നൽകിയത്. തൊട്ടുമുൻ സാമ്പത്തിക വർഷത്തിൽ നൽകിയതിനേക്കാൾ ഇരട്ടിയിലധികം തുകയാണ് പന്ത് ഇത്തവണ അടച്ചത്.

കഴിഞ്ഞ വർഷം 10.5 കോടി രൂപ മുന്‍കൂര്‍ നികുതി അടച്ചാണ് പന്ത് സംസ്ഥാനത്തെ പട്ടികയിൽ ഒന്നാമതെത്തിയത്. ഇത്തവണ നികുതി തുക 23.84 കോടിയായി കുത്തനെ ഉയർന്നു. ബി.സി.സി.ഐ വാര്‍ഷിക കരാര്‍, ഐപിഎൽ പ്രതിഫലം, അന്താരാഷ്ട്ര മത്സര ഫീസ്, മുൻനിര ബ്രാൻഡുകളുടെ പരസ്യങ്ങൾ എന്നിവയാണ് പന്തിന്‍റെ പ്രധാന വരുമാന സ്രോതസ്സുകൾ. ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലയിലുള്ള റൂർക്കിയിലാണ് റിഷഭ് പന്ത് ജനിച്ചത്. ക്രിക്കറ്റ് പരിശീലനത്തിന്‍റെ ഭാഗമായാണ് റിഷഭ് പന്ത് ഡൽഹിയിലേക്ക് മാറിയത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളിലൂടെ പിന്നീട് മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യൻ ടീമിലെ അനിവാര്യ സാന്നിധ്യമായി റിഷഭ് പന്ത് വളർന്നു.

എന്നാല്‍ ഐപിഎല്ലിലും ഇന്ത്യൻ ടീമിലും സമീപകാലത്തെ മോശം ഫോം റിഷഭ് പന്തിന് തിരിച്ചടിയാണ്. ഐപിഎല്ലിലെ റെക്കോര്‍ഡ് ലേല തുകയായ 27 കോടി രൂപക്ക് ലക്നൗ സൂപ്പര്‍ ജയന്‍റ്സിലേക്ക് പോയ റിഷഭ് പന്ത് ഇത്തവണ പ്രതിഫലം 15 കോടിയായി കുറച്ച് ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് തിരിച്ചെത്തിയിരുന്നു. മോശം ഫോമിനെ തുടര്‍ന്ന് ഇന്ത്യൻ ഏകദിന, ടി20 ടീമുകളില്‍ നിന്ന് പുറത്തായ റിഷഭ് പന്തിന ക്യാപ്റ്റനെന്ന നിലയില്‍ ലക്നൗവിനായും തിളങ്ങാനായിരുന്നില്ല. തുടര്‍ന്നാണ് കഴിഞ്ഞ ഐപിഎല്‍ സീസണൊടുവില്‍ പ്രതിഫലം വെട്ടിക്കുറച്ച് ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. ഓഗസ്റ്റില്‍ ശ്രീലങ്കക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലാണ് റിഷഭ് പന്ത് ഇന്ത്യക്കായി ഇനി കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *