ദുബൈ: ദുബൈയിൽ കോടീശ്വരന്മാരുടെ എണ്ണത്തിൽ വൻ വർധനവ്. ഹെൻലി & പാർട്ട്ണേഴ്സിന്റെ വേൾഡ്സ് വെൽതിയസ്റ്റ് സിറ്റീസ് റിപ്പോർട്ട് പ്രകാരം ലോകത്ത് സമ്പന്നരെ ആകർഷിക്കുന്ന നഗരങ്ങളിൽ മുൻനിരയിലാണ് ദുബൈ. 81,200 മില്യണയർമാർ, 237 സെന്റി-മില്യണയർമാർ, 20 ശതകോടീശ്വരന്മാർ എന്നിങ്ങനെയാണ് ദുബൈയിലെ സമ്പന്നരുടെ കണക്ക്. കഴിഞ്ഞ പത്ത് വർഷത്തിനിടെ (2014 മുതൽ 2024 വരെ) നഗരത്തിലെ മില്യണയർമാരുടെ എണ്ണത്തിൽ 102 ശതമാനത്തിന്റെ വളർച്ചയാണുണ്ടായത്.
ലോകത്തിലെ ഏറ്റവും സമ്പന്നമായ 50 നഗരങ്ങളുടെ പട്ടികയിൽ 21-ാം സ്ഥാനത്തുനിന്ന് 18-ാം സ്ഥാനത്തേക്കും ദുബൈ മുന്നേറി. വ്യക്തിഗത വരുമാനത്തിനും മൂലധന നേട്ടങ്ങൾക്കും നികുതിയില്ലാത്തതും നിക്ഷേപക സൗഹൃദ നിയമങ്ങളുമാണ് ദുബൈയെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ. അതോടൊപ്പം ഗോൾഡൻ വിസ ഉൾപ്പെടെ, ദീർഘകാല താമസസൗകര്യം നൽകുന്ന പ്രോഗ്രാമുകളും നിക്ഷേപകർക്കും വ്യവസായികൾക്കും ദുബൈയെ ഏറെ പ്രിയങ്കരമാക്കുന്നു.
അടുത്ത പത്ത് വർഷത്തിനുള്ളിൽ ദുബൈയിലെയും അബൂദബിയിലെയും സെന്റി-മില്യണയർമാരുടെ എണ്ണം ഇരട്ടിയിലധികമായി വർധിക്കും. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന അതിസമ്പന്നരുടെ പ്രധാന കേന്ദ്രമായി യു.എ.ഇ മാറും. ആഗോളതലത്തിൽ ന്യൂയോർക്കാണ് ഏറ്റവും സമ്പന്ന നഗരം. 3,84,500 മില്യണയർമാരാണ് ന്യൂയോർക്കിൽ താമസിക്കുന്നത്. സാൻ ഫ്രാൻസിസ്കോ ബേ ഏരിയയാണ് രണ്ടാമത്. 3,42,400 മില്യണയർമാരാണ് ഇവിടെയുള്ളത്. അതേസമയം, മില്യണയർമാരുടെ എണ്ണത്തിൽ ന്യൂയോർക്ക് മുന്നിലാണെങ്കിലും, ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ന്യൂയോർക്കിനെ മറികടന്ന് സാൻ ഫ്രാൻസിസ്കോ ബേ ഏരിയ ഒന്നാമതെത്തി.
