ഹരാരെ: തുടര്‍ച്ചയായ മൂന്നാം ടി20 മത്സരത്തിലും രണ്ടക്കം പോലും കടക്കാനാകാതെ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ. മോശം ഫോമിലുള്ള താരത്തെ സെലക്ടര്‍മാര്‍ സംരക്ഷിക്കുന്നുവെന്നാണ് ഒരുവിഭാഗം ആരാധകരുടെ പക്ഷം. 3, 5, 8 എന്നിങ്ങനെയാണ് അഭിഷേകിന്റെ അവസാന മൂന്ന് മത്സരങ്ങളിലെ റണ്‍സ്. ഒടുവില്‍ കളിച്ച 9 ട്വന്റി 20കളില്‍ നിന്നും സ്വന്തമാക്കാനായത് 189 റണ്‍സ് മാത്രം. അയര്‍ലന്റിനും ഇംഗ്ലണ്ടിനും എതിരായ പരമ്പരയിലും കാര്യമായൊന്നും ചെയ്യാനായില്ല. ട്വന്റി 20 ലോകകപ്പിലും മോശം ഫോമിലായിരുന്നു അഭിഷേക്. 8 മത്സരങ്ങളില്‍ നിന്നും ആകെ നേടിയത് 141 റണ്‍സ്. തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും താരത്തെ ടീമില്‍ നിലര്‍ത്തുന്നത് ട്വന്റി 20 റാങ്കിങ്ങിലെ രണ്ടാം സ്ഥാനത്തിന്റെ പേരിലാണ്. എന്നാല്‍ അഭിഷേക് ശര്‍മയ്ക്ക് സെലക്ടര്‍മാര്‍ അമിതമായ പ്രാധാന്യം നല്‍കുന്നുവെന്നാണ് ഒരു വിഭാഗം ആരാധകരുടെ പക്ഷം. അവര്‍ ഉയര്‍ത്തുന്നതാകട്ടെ മലയാളി താരം സഞ്ജു സാംസണിന്റെ പേരും. കഴിഞ്ഞ ട്വന്റി 20 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് സഞ്ജു. അഞ്ച് ഇന്നിങ്സുകളില്‍ നിന്നും മാത്രം താരം നേടിയത് 321 റണ്‍സാണ്. പിന്നീട് നല്കിയ നാല് മത്സരങ്ങളില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ സഞ്ജുവിനെ പുറത്തിരുത്തുമ്പോഴാണ് അഭിഷേകിന് പ്രത്യേക പരിഗണന ലഭിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ പരാജയപ്പെടാന്‍ ലൈസന്‍സ് ഇല്ലാത്ത താരം സഞ്ജു സാംസണ് മാത്രമെന്ന് ചുരുക്കം.
തുടര്‍ച്ചയായ മൂന്നാം ടി20യിലും രണ്ടക്കം കാണാതെ അഭിഷേക്; സെലക്റ്റര്‍മാര്‍ സംരക്ഷിക്കുന്നുവെന്ന് ആരാധക പക്ഷം
