റിയാദ്: സൗദിയിലെ ജിസാനിൽ അതിർത്തി നിയമങ്ങൾ ലംഘിച്ചെത്തിയ വിദേശികൾക്ക് യാത്രാ സൗകര്യമൊരുക്കിയ യമൻ പൗരനായ പ്രവാസിയെ ജനറൽ ഡയറക്ടറേറ്റ് ഓഫ് മുജാഹിദീൻ പട്രോളിങ് സംഘം പിടികൂടി. അതിർത്തി സുരക്ഷാ നിയമം ലംഘിച്ച അഞ്ച് എത്യോപ്യൻ പൗരന്മാരെയാണ് ഇയാൾ സ്വന്തം വാഹനത്തിൽ കടത്താൻ ശ്രമിച്ചത്. ഇതിനിടെയാണ് പ്രതി സുരക്ഷാ ഉദ്യാഗസ്ഥരുടെ വലയിലാകുന്നത്. ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അധികൃതർ അറിയിച്ചു. പിടിയിലായ എത്യോപ്യൻ പൗരന്മാരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്കും കൈമാറിയിട്ടുണ്ട്. അതിർത്തി സുരക്ഷാ ലംഘകർക്ക് ഏതെങ്കിലും രീതിയിൽ സഹായം നൽകുന്നത് ഗുരുതരമായ കുറ്റമാണെന്ന് അൽ മുജാഹിദീൻ വക്താവ് വ്യക്തമാക്കി. നിയമലംഘകർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ, വാഹനങ്ങളിൽ കടത്തുകയോ, താമസസൗകര്യം നൽകുകയോ ചെയ്യുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കും. കൂടാതെ, കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളും താമസിപ്പിച്ച കെട്ടിടങ്ങളും കണ്ടുകെട്ടുന്നതിനൊപ്പം കുറ്റവാളികളുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി. നിയമലംഘകരെയും അനധികൃതമായി തങ്ങുന്നവരെയും കണ്ടെത്തുന്നതിനായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
നിയമലംഘകർക്ക് യാത്രാ സൗകര്യമൊരുക്കിയ ജിസാനിൽ പ്രവാസി അറസ്റ്റിൽ
