ലക്നൗ: ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് ഇനി തന്നെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമല്ലെന്നും, ഇന്ത്യന്‍ ടീമിന് പുറത്തുള്ള ജീവിതവുമായി താന്‍ പൊരുത്തപ്പെട്ടു കഴിഞ്ഞെന്നും വെറ്ററന്‍ പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍. ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ടു മാത്രമാണ് താനിപ്പോഴും കളിക്കുന്നതെന്നും താരം പറഞ്ഞു. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് 36കാരനായ ഭുവനേശ്വര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 2022 അവസാനമാണ് ഭുവനേശ്വര്‍ ഒടുവില്‍ ഇന്ത്യക്കായി കളിച്ചത്
ഇന്ത്യക്കായി 21 ടെസ്റ്റുകളും 121 ഏകദിനങ്ങളും 87 ടി20കളും കളിച്ചിട്ടുള്ള താരം, ആര്‍സിബി ടീമിനൊപ്പം 2026ലെ ഐപിഎല്‍ കിരീടം നേടിയ ടീമിലും അംഗമായിരുന്നു. രാജ്യത്തെ പ്രതിനിധീകരിക്കുകയെന്ന തന്റെ സ്വപ്നം ഇതിനകം സാക്ഷാത്കരിച്ചതിനാല്‍, ഇനി സ്വയം തെളിയിക്കേണ്ട യാതൊരു സമ്മര്‍ദ്ദവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ”ഞാന്‍ ഐപിഎല്ലും ആഭ്യന്തര ക്രിക്കറ്റും കളിക്കുന്നത് ക്രിക്കറ്റിനോടുള്ള ഇഷ്ടം കൊണ്ടാണ്. ഞാന്‍ ഇതിനകം ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. അതുകൊണ്ട് ഇനി നേടേണ്ടിയിരിക്കുന്ന ഒന്നല്ല അത്. എനിക്ക് മറ്റൊരു അവസരം ലഭിക്കുകയാണെങ്കില്‍ അത് വലിയൊരു കാര്യമാണ്. ഞാന്‍ ഇപ്പോള്‍ ചെയ്യുന്നതെല്ലാം കളിയിയോടുള്ള സ്നേഹം കൊണ്ടാണ്.” ഭുവി പറഞ്ഞു.
