സൂറിച്ച്: ഫിഫ ടൂര്‍ണമെന്റുകളുടെ നടത്തിപ്പിന് സ്വകാര്യനിക്ഷേപകരെ കൊണ്ടുവരാനുള്ള നീക്കം പൊളിഞ്ഞതോടെ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ നേരിട്ടത് കനത്ത തിരിച്ചടി. അടുത്ത വര്‍ഷത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെയും ഇത് ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സമീപകാലത്ത് ഫിഫയുടെ ഏറ്റവും വലിയ നീക്കമായിരുന്നു ലോകകപ്പ് ഉള്‍പ്പടെയുള്ള ടൂര്‍ണമെന്റുകളുടെ നടത്തിപ്പിന് സ്വകാര്യ പങ്കാളിത്തമെന്ന നിര്‍ദേശം. ഫിഫ ഫോര്‍വേര്‍ഡ് എന്റര്‍പ്രൈസ് എന്ന പുതിയ സ്ഥാപനം തുടങ്ങി 20% ഓഹരി സ്വകാര്യ നിക്ഷേപകര്‍ക്ക് വിറ്റ് 40,000 കോടിയുടെ നിക്ഷേപമായിരുന്നു ജിയാനി ഇന്‍ഫാന്റിനോയുടെ ലക്ഷ്യം.
അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ബന്ധുവടക്കം ഓഹരി സ്വന്തമാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഫിഫയും ഇന്‍ഫാന്റിനോയും നേരിട്ടത് സമാനതകളില്ലാത്ത പ്രതിഷേധം. ലോകകപ്പ് ബഹിഷ്കരിക്കുമെന്ന ശക്തമായ നിലപാടുമായി യുവേഫ രംഗത്തെത്തി. ഏഷ്യയും ലാറ്റിനമേരിക്കയും എതിര്‍പ്പറിയിച്ചു. പദ്ധതി നടപ്പാക്കാന്‍ 211 അംഗ രാജ്യങ്ങളില്‍ 106 എണ്ണത്തിന്റെ പിന്തുണ കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ഇന്‍ഫാന്റിനോ സ്വപ്ന പദ്ധതി മനസ്സില്ലാമനസ്സോടെ ഉപേക്ഷിച്ചത്.
