ബഹ്റൈനിൽ നിന്ന് കേരളത്തിലേക്ക്​ സർവീസുകൾ റദ്ദാക്കൽ തുടർന്ന് ഈ വിമാനക്കമ്പനി

മനാമ: പശ്​ചിമേഷ്യയിലെ സംഘർഷവും മുൻകരുതലുകളും കാരണമാക്കിയാണ്​ മലയാളികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വിമാന കമ്പനിയായ എയർ ഇന്ത്യ എക്സ്​പ്രസ് സർവിസ്​ റദ്ദാക്കൽ തുടരുകയാണ്​. ബഹ്​റൈൻ വിമാനത്താവളം സാധാരണ രീതിയിൽ പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ്​ ഈ റദ്ദാക്കലെന്നതാണ്​ ഏറെ ശ്രദ്ധേയം. ഇൻഡിഗോ, എയർ അറേബ്യ, ഗൾഫ്​ എയർ എന്നിവയെല്ലാം കേരളത്തിലേക്കും തിരിച്ചും മുടക്കമില്ലാതെ സർവിസ്​ നടത്തുമ്പോഴാണ്​ എയർ ഇന്ത്യ എക്സ്​പ്രസ്​ റദ്ദാക്കൽ തുടരുന്നത്​. ഏറ്റവും ഒടുവിലായി ആഗസ്​റ്റ്​ ഏഴ്​ വരെയുള്ള സർവിസുകളാണ്​ റദ്ദാക്കിയത്​.

ബഹ്​റൈനിൽ നിന്ന്​ കേരളത്തിലേക്കും തിരിച്ചും നിരവധി പ്രവാസികൾ ആശ്രിക്കുന്നത് ഈ​ എക്സ്​​പ്രസിനെയാണ്​. പലപ്പോഴും അവസാന നിമിഷമാണ്​ റദ്ദാക്കൽ അറിയുന്നത്​. വളരെ കുറഞ്ഞ ദിവസങ്ങളുടെ അവധി മാത്രമുള്ളവരും വിസ കാലാവധി അവസാനിക്കാറായവരുമടക്കം വലിയ ദുരിതമാണ്​ അനുഭവിക്കുന്നത്​. അവസാന ദിവസങ്ങളി​ലെ റദ്ദാക്കൽ മൂലം പലർക്കും വൻ തുക നൽകി മറ്റ്​ വിമാന കമ്പനികളുടെ ടിക്കറ്റ്​ എടുക്കേണ്ടി വരുന്നു. ഇതോടൊപ്പം പലപ്പോഴും പലർക്കും ബംഗളൂരുവിൽ നിന്നും മറ്റും ടിക്കറ്റ്​ എടുക്കേണ്ടി വരുന്നുണ്ട്​. വൻ തുക ചെലവഴിക്കേണ്ടി വരുന്നതിനൊപ്പം യാത്ര സമയവും വർധിക്കുന്നു. അടിക്കടി സർവിസ്​ റദ്ദാക്കുന്നതിനേക്കാൾ നല്ലത്​ പൂർണമായി ഒഴിവാക്കലാണെന്ന അഭിപ്രായം പ്രകടിപ്പിക്കുന്ന പ്രവാസികളുമുണ്ട്​. എന്നാൽ, ടിക്കറ്റ്​ നിരക്ക്​ നിർണയിക്കുന്നതിൽ നിർണായകവും സർവിസുകളുടെ എണ്ണത്തിൽ മുൻപന്തിയിലുമുള്ള എയർ ഇന്ത്യ എക്സ്​പ്രസ്​ കൃത്യമായി സർവീസ്​ നടത്തണമെന്നാണ്​ പ്രവാസികളുടെ ആവശ്യം. അടുത്തയാഴ്ച മുതലെങ്കിലും ഈ ദുരിതം അവസാനിപ്പിക്കുമെന്ന പ്രത്യാശയും അവർ പങ്കുവെക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *