കുവൈത്ത്: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. 56 പേർക്ക് പരിക്കേൽക്കുകയും അതിൽ ആറ് പേരുടെ നില അതീവ ഗുരുതരമായി തുടരുകയുമാണ്. വിമാനത്താവളത്തിന് പുറമെ കുവൈത്തിലെ വിവിധ നയതന്ത്ര മിഷൻ ഓഫീസുകൾക്ക് നേരെയും ആക്രമണമുണ്ടായതായാണ് റിപ്പോർട്ടുകൾ.
ഇറാന്റെ ഈ നടപടിയെ ഗൾഫ് രാജ്യങ്ങൾ അപലപിച്ചു. യുഎസ് നടത്തി ആക്രമണത്തിനുള്ള പ്രതികാരമായിട്ടാണ് ഇറാൻ കുവൈത്തിനും ബഹ്‌റൈനുംനേരെ ആക്രമണങ്ങൾ നടത്തിയത്. ആക്രമണത്തെത്തുടർന്ന് കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണ്ണമായും നിർത്തിവെച്ചിരിക്കുകയാണ്. സർവീസുകൾ തടസ്സപ്പെട്ടതോടെ വിവിധ വിമാനങ്ങൾ മറ്റ് സുരക്ഷിത ഇടങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. കോഴിക്കോട്ട് നിന്നും കുവൈത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (IX 393) യാത്രയ്ക്കിടെ പകുതി വഴിയിൽ വെച്ച് കോഴിക്കോട്ടേക്ക് തന്നെ തിരിച്ചുവിട്ടു.
സുരക്ഷാ സാഹചര്യം കൃത്യമായി വിലയിരുത്തിയ ശേഷം മാത്രമേ സർവീസുകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്ന് കുവൈത്ത് എയർവേയ്‌സ് അറിയിച്ചു. വിമാനത്താവളത്തിലുണ്ടായ നാശനഷ്ടങ്ങളും പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതിയും അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
