തിരുവനന്തപുരം: ഭരണം കിട്ടിയതോടെ പിഎംശ്രീ പദ്ധതിയിൽ യുഡിഎഫ് മലക്കം മറിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ലീഗാണ് വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്യുന്നതെന്നും സ്വന്തം അണികളെ പിന്നിൽ നിന്നും കോൺഗ്രസും ലീഗും കുത്തിയെന്നും അദ്ദേഹം ആരോപിച്ചു. സംഘപരിവാറിന് കീഴടങ്ങി ബ്ലെഡ് മണി വാങ്ങുകയാണ്. അമുസ്ലിംങ്ങളെ വഖഫ് ബോർഡിൽ നിയമിക്കാമെന്ന് സമ്മതിക്കുന്നു. ഇത് ആർഎസ്എസ് വിധേയത്വമാണെന്നും പിണറായി വിജയൻ പറഞ്ഞു. കേന്ദ്രത്തിൻ്റെ പണം വാങ്ങിയാൽ പാഠ്യപദ്ധതി എങ്ങനെ ഒഴിവാക്കാൻ കഴിയും. യുഡിഎഫ് അണികളെയും ജനങ്ങളെയും ഒരുപോലെ പറഞ്ഞുപറ്റിച്ചു.
യുഡിഎഫ് ജനങ്ങളോട് കാര്യങ്ങൾ തുറന്നു പറഞ്ഞ് മാപ്പ് പറയണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. പിഎം ശ്രീയിലൂടെ കാവിവത്ക്കരണമാണ് ബിജെപി ഉദേശിക്കുന്നത്. അത് അംഗീകരിക്കാൻ മതനിരപേക്ഷത ഉൾകൊള്ളുന്നവർക്ക് കഴിയില്ല. പക്ഷേ കോൺഗ്രസ് ഭരിക്കുന്ന സർക്കാരുകൾ അംഗീകരിച്ചു. പിഎംശ്രീക്ക് എൽഡിഎഫ് സന്നദ്ധമായിരുന്നില്ല. എംഒയു ഒപ്പു വച്ചത് പിഎം ശ്രീക്കായിരുന്നില്ല. കാലാകാലമായി ലഭിച്ച ഫണ്ട് തടഞ്ഞപ്പോഴാണ് ഒപ്പുവയ്ക്കേണ്ടിവന്നത്. പദ്ധതി നടപ്പാക്കിയില്ല. ബിജെപി-എൽഡിഎഫ് ഡീലാണെന്ന് യുഡിഎഫ് പ്രചരിപ്പിച്ചു. ഭരണം ലഭിക്കുന്നതുവരെ പിഎംശ്രീയെ എതിർത്തു.
അറബിക്കടലിലേക്ക് വലിച്ചെറിയുമെന്ന നിലപാടാണ് എടുത്തത്. അധികാരം കിട്ടിയപ്പോൾ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും തകിടം മറിഞ്ഞുവെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു. യുഡിഎഫ് പിഎംശ്രീ നടപ്പാക്കാൻ തീരുമാനിച്ചു. നയപരമായ തീരുമാനം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. മുഖ്യമന്ത്രിക്ക് പുറമേ ലീഗും മറുകണ്ടം ചാടി. മെയ് 4 ന് മുമ്പ് ഡീൽ വാദം പറഞ്ഞവർ ഇപ്പോൾ ഏത് ഡീലിൻ്റെ ഭാഗമാണെന്നും അദ്ദേഹം ചോദിച്ചു.
