തിരുവനന്തപുരം: മഹാപ്രളയത്തിലെ രക്ഷാപ്രവർത്തനത്തിൽ യുഡിഎഫ് പങ്കാളിയായില്ലെന്നും സിഎംഡിആർഎഫിലേക്ക് സംഭാവന നൽകിയില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഉത്തരവ് പരസ്യമായി കത്തിച്ചു. മുഖ്യമന്ത്രി വി.ഡി സതീശൻ സ്വന്തം മണ്ഡലത്തിൽ പുനർജനിയെന്ന സ്വന്തം പദ്ധതിയുണ്ടാക്കി. സർക്കാർ സംവിധാനങ്ങളെ വിശ്വസിക്കാതെ അദ്ദേഹം സ്വന്തം പദ്ധതി കൊണ്ടുവന്നു. ഒട്ടും സുതാര്യമല്ലാതെ കോടികൾ വിദേശത്തു നിന്നും കൊണ്ടുവന്നുവെന്നും പിണറായി വിജയൻ ആരോപിച്ചു. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി വി.ഡി സതീശനെതിരെ പിണറായി രൂക്ഷവിമർശനം ഉയർത്തിയത്.
മണപ്പാട് ഫൌണ്ടേഷൻ എന്ന സംഘടനവഴി കൊണ്ടുവന്ന കോടികൾ പുനർജനിക്ക് ഉപയോഗിച്ചു. ലണ്ടനിലേക്ക് വി.ഡി സതീശനെ കൊണ്ടുപോയതും സ്പോൺസർ ചെയ്തതും മണപ്പാട് ഫൌണ്ടേഷൻ്റെ അമീർ അഹമ്മദാണ്. 2025ൽ അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്ന് വിജിലൻസ് ശുപാർശ ചെയ്തു. എന്നാലിപ്പോൾ ഗുരുതരമായ കേസ് മുഖ്യമന്ത്രിക്ക് കീഴിലുള്ള ആഭ്യന്തര വകുപ്പ് അവസാനിപ്പിച്ചു. അടിയന്തിരമായി ആ തീരുമാനം പിൻവലിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വ്യക്തിപരമായ തീരുമാനിക്കേണ്ട കാര്യമല്ല ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
