തിരുവനന്തപുരം: കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട ആഭ്യന്തര വകുപ്പിന്റെ കത്തില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ. എസ് ശബരീനാഥന്‍. ‘സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കുന്നത് പോലെ’യുള്ള ഉദ്യോഗസ്ഥര്‍ ഇപ്പോഴും ഉണ്ടെന്നും ഇത്തരക്കാരുടെ ധാര്‍ഷ്ട്യം അവസാനിപ്പിക്കാന്‍ ഭരണസംവിധാനം ശ്രദ്ധിക്കണമെന്നും ശബരീനാഥന്‍ പറഞ്ഞു. ഇല്ലെങ്കില്‍ പാപഭാരം പാര്‍ട്ടിയും മുന്നണിയും അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
‘സുഗതന്റെ അവധിയുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്നപ്പോള്‍ ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട ഉത്തരവ് മേയര്‍ വായിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. കൗണ്‍സില്‍ കഴിഞ്ഞ് നേരെ ആഭ്യന്തര മന്ത്രിയെ കണ്ടപ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായത്. ഇത്രയും വിവാദമായ വിഷയം അദ്ദേഹത്തിന്റെ ഓഫീസ് പോലും അറിയാതെ വകുപ്പിലെ ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്തു. ‘സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കുന്നത് പോലെ” നിയമത്തിന്റെയും ലോജിക്കിന്റെയും എല്ലാ സീമകളും ലംഘിച്ചുകൊണ്ട് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ ഒരു ദുര്‍ബല ഉത്തരവ് ഇറക്കിയത് ആരുടെ പ്രീതിക്കുവേണ്ടിയാണെന്നും കെ. എസ് ശബരീനാഥന്‍ ചോദിച്ചു.
ഫയലിലെ കരുതലിന്റെ ഉറവിടം തദ്ദേശ സ്വയം ഭരണ വകുപ്പില്‍ നിന്നാണെന്നും ശബരീനാഥൻ ആരോപിച്ചു. ഭരണം മാറുമ്പോള്‍ ഉദ്യോഗസ്ഥര്‍ ഭരണപക്ഷം പറയുന്നത് അക്ഷരം തെറ്റാതെ അതുപോലെ അനുസരിക്കണം എന്ന് താന്‍ ഒരിക്കലും പറയുന്നില്ല, പക്ഷേ ഭരണം മാറിയിട്ടും നിയമവിരുദ്ധമായി ഫയലില്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള എന്തും എഴുതിവയ്ക്കാമെന്ന ചില ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യം അവസാനിപ്പിക്കാന്‍ ഭരണസംവിധാനം ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ഇതിന്റെ പാപഭാരം അനുഭവിക്കാന്‍ പോകുന്നത് പാര്‍ട്ടിയും മുന്നണിയുമാണ്. നേതാക്കള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കും എന്ന് വിശ്വസിക്കുന്നുവെന്നും ശബരീനാഥന്‍ പറഞ്ഞു.
