പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ ; കൊട്ടിയൂർ-മാനന്തവാടി പാതയിൽ ഗതാഗതം തടസ്സപ്പെട്ടു

കണ്ണൂർ: കണ്ണൂർ-വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന മലയോര പാതയായ പാൽച്ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.
ശക്തമായ മഴയെ തുടർന്ന് റോഡിന്റെ വശങ്ങൾ ഒലിച്ചുപോകുകയും വലിയ കുഴികളും ചാലുകളും രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. മഴവെള്ളപ്പാച്ചിലിൽ റോഡിന്റെ ടാറിങ് തകർന്ന് വലിയ ചാലുകൾ രൂപപ്പെട്ടിട്ടുണ്ട്. വെള്ളവും മണ്ണും കല്ലുകളും റോഡിലൂടെ കുത്തിയൊഴുകുന്നത് വാഹന യാത്ര ദുഷ്കരമാക്കി. റോഡ് തകർന്നതിനെ തുടർന്ന് വാഹനങ്ങൾ വളരെ പതുക്കെ മാത്രമാണ് കടന്നുപോകുന്നത്.

ഇത് ചുരത്തിൽ വലിയ വാഹനക്കുരുക്കിന് ഇടയാക്കുന്നുണ്ട്. കാറുകൾ, ഇരുചക്രവാഹനങ്ങൾ തുടങ്ങിയ ചെറിയ വാഹനങ്ങൾക്ക് കുഴികളിലും ചളിക്കെട്ടുകളിലും താഴ്ന്നുപോകാൻ സാധ്യതയുണ്ട്. ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ അത്യാവശ്യ യാത്രകൾ ഒഴിവാക്കാനും വാഹനയാത്രക്കാർ അതീവ ജാഗ്രത പാലിക്കാനും അധികൃതർ നിർദേശിച്ചു. യാത്രക്കാർ നെടുംപൊയിൽ ചുരം വഴി പോകണമെന്ന് അധികൃതർ അഭ്യർഥിച്ചു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

അത്യാവശ്യമല്ലാത്ത ഒരു വാഹനവും ചുരം വഴി കടത്തിവിടുന്നില്ല. ലക്കിടിയിൽ പൊലീസ് പരിശോധന കർശനമാക്കി. അത്യാവശ്യക്കാരല്ലാത്തവരുടെ വാഹനങ്ങൾ തടഞ്ഞ് തിരിച്ചയക്കുകയാണ്. ചുരത്തിൽ വാഹനം പാർക്ക് ചെയ്യുന്നതിന് പൂർണ നിരോധനമുണ്ട്.

ഈങ്ങാപ്പുഴയിൽ ദേശീയപാതയിൽ വെള്ളം കയറി ഗതാഗതം പൂർണമായും തടസ്സപ്പെട്ടതിനെ തുടർന്ന് വാഹനങ്ങൾ നിലവിൽ കൂടത്തായി-കോടഞ്ചേരി വഴിയാണ് തിരിച്ചുവിടുന്നത്. ഇതിനാൽ തന്നെ ഈ റോഡുകളിൽ നിലവിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ചരക്ക് ലോറികൾ, മൾട്ടി ആക്സിൽ വാഹനങ്ങൾ തുടങ്ങിയ വലിയ ഭാരവാഹനങ്ങൾ ഈങ്ങാപ്പുഴ വഴി ഗതാഗതം പുനഃസ്ഥാപിക്കുന്നത് വരെ ഈ റോഡ് ഉപയോഗിക്കരുതെന്ന് അധികൃതർ അഭ്യർഥിച്ചു. ഇത്തരം വലിയ വാഹനങ്ങൾ വീതികുറഞ്ഞ ഈ ബദൽ റോഡുകളിൽ കേടായാൽ ആംബുലൻസ് അടക്കമുള്ള അടിയന്തര സർവിസുകൾ പോലും തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *