പത്മകുമാറിനെ ആരും ശബരിമലയിൽ നിന്ന് മാറ്റി നിർത്തിയിട്ടില്ല; പിണറായി വിജയൻ

തിരുവനന്തപുരം: മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പത്മകുമാറിന്റെ വെളിപ്പെടുത്തല്‍ തള്ളി മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍. ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്ത് നിന്ന് മാറ്റി നിർത്തിയെന്നായിരുന്നു പത്മകുമാർ പറഞ്ഞത്. എന്നാൽ പത്മകുമാറിനെ ആരും ശബരിമലയിൽ നിന്ന് മാറ്റി നിർത്തിയിട്ടില്ലെന്നാണ് പിണറായി വിജയന്‍ വ്യക്തമാക്കിയത്. പത്മകുമാർ പറയുന്ന കാര്യങ്ങൾ സംഭവിച്ചിട്ടില്ല. അതിനെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്മകുമാർ ആത്മകഥ എഴുതട്ടെയെന്നും അതിലൊന്നും ഒരു തടസവും ഇല്ലെന്നും പിണറായി വിജയൻ വ്യക്തമാക്കുകയുണ്ടായി. സ്വർണ്ണക്കൊള്ളക്കേസ് അട്ടിമറിക്കാൻ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

സിപിഎം നാളെ അച്ചടക്കനടപടി എടുക്കാനിരിക്കെ പാർട്ടിയെ പ്രതിക്കൂട്ടിലാക്കുന്നതാണ് ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെ തുറന്ന് പറച്ചില്‍. ഭരണനേതൃത്വത്തിലെ ഒരു ഉന്നതൻ തന്നെ ശബരിമലയിൽ നിന്ന് മാറ്റി നിർത്തിയാണ് യുവതികളെ പ്രവേശിപ്പിച്ചതെന്നാണ് പത്മകുമാർ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞത്. ഡയറിക്കുറിപ്പിലെഴുതിയ കാര്യങ്ങൾ തുറന്ന് പറയാനാണ് പത്മകുമാറിൻ്റെ നീക്കം. . ശബരിമല സ്വർണകൊള്ളയിൽ പാർട്ടി നടപടി നേരിടുന്ന ആളാണ് പത്മകുമാറെന്നും, മറുപടി പറയേണ്ട കാര്യം തനിക്കില്ലെന്നുമായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. വിഷയത്തിൽ കൂടുതൽ വ്യക്തത തേടേണ്ടവർ പത്മകുമാറിനോട് തന്നെ ചോദിക്കണമെന്നും എം വി ഗോവിന്ദൻ പറയുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *