തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിനും, ഇലക്ട്രിക് പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനുമായി പൊതു വിദ്യാഭ്യാസ സ്പെഷ്യൽ സെക്രട്ടറിക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ നിർദേശം നൽകി. കനത്ത മഴയെ തുടർന്ന് വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിലും, മതിലുകൾ ഇടിയുന്ന സാഹചര്യത്തിലുമാണ് സ്കൂളുകൾക്ക് ഇത്തരത്തിൽ അപകടാവസ്ഥയ്ക്ക് സാധ്യതയുണ്ടോ എന്ന് അടിയന്തിരമായി പരിശോധിക്കാൻ മന്ത്രി നിർദേശം നൽകിയത്.
അതേസമയം, ഇന്ന് 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. കണ്ണൂരില്‍ പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
