ദേശീയ അം​ഗീകാരനേട്ടത്തിൽ വീണ്ടും പൊതുജനാരോഗ്യ മേഖല: 361 ആശുപത്രികൾക്ക് NQAS സർട്ടിഫിക്കേഷനുകൾ

തിരുവനതപുരം: സംസ്ഥാനത്തെ പൊതുജനാരോഗ്യ സ്ഥാപനങ്ങളുടെ സേവന ഗുണനിലവാരം ഉയർത്തുന്നതിൽ കേരളം വീണ്ടും ദേശീയ ശ്രദ്ധ നേടുന്നു. കൂടുതൽ സർക്കാർ ആശുപത്രികൾക്ക് ദേശീയതലത്തിലുള്ള നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാന്റേർഡ്സ് (NQAS), ലക്ഷ്യ (LaQshya) സർട്ടിഫിക്കേഷനുകൾ ലഭ്യമായി.

മാതൃ-ശിശു മരണനിരക്ക് കുറയ്ക്കുന്നതിലും രോഗികൾക്ക് അന്താരാഷ്ട്ര നിലവാരമുള്ള സൗജന്യ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിലും സർക്കാർ നടത്തുന്ന ഇടപെടലുകൾക്കുള്ള അംഗീകാരമാണിത്. തിരുവനന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിക്ക് എൻ.ക്യു.എ.എസ്., ലക്ഷ്യ സർട്ടിഫിക്കേഷനുകൾ ഒരുമിച്ച് ലഭിച്ചു. ലക്ഷ്യ സർട്ടിഫിക്കേഷനിൽ ഗർഭിണികൾക്കുള്ള ഓപ്പറേഷൻ തീയേറ്ററിന് 98.11 ശതമാനവും ലേബർ റൂമിന് 99.69 ശതമാനവും, എൻ.ക്യു.എ.എസ്. 98.25 ശതമാനവും സ്കോർ ലഭിച്ചു.

കൂടാതെ, ആലപ്പുഴ ചെങ്ങന്നൂർ ജില്ലാ ആശുപത്രിക്ക് ലക്ഷ്യ സർട്ടിഫിക്കേഷനും (ലേബർ റൂമിന് 91.64 ശതമാനം, ഓപ്പറേഷൻ തിയേറ്റർ സംവിധാനങ്ങൾക്ക് 90.06 ശതമാനം), കോഴിക്കോട് മെഡിക്കൽ കോളേജ് ഐ.എം.സി.എച്ചിന് ലക്ഷ്യ പുനഃഅംഗീകാരവും (ലേബർ റൂം- 96.50%, ഓപ്പറേഷൻ തിയേറ്റർ-98.84%) ലഭിച്ചു.

സംസ്ഥാനത്തെ മാതൃ-ശിശു മരണനിരക്ക് പരമാവധി കുറയ്ക്കുക, ഗർഭിണികൾക്കും നവജാതശിശുക്കൾക്കും പ്രസവ സമയത്തും പ്രസവാനന്തരവും മികച്ച സൗജന്യ പരിചരണം ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യ പദ്ധതിയുടെ പ്രധാന ലക്ഷ്യം. സുരക്ഷിതവും മാന്യവുമായ പ്രസവ പരിചരണം, മികച്ച അണുബാധ നിയന്ത്രണം, ലേബർ റൂമുകളുടെയും ഗർഭിണികൾക്കുള്ള ഓപ്പറേഷൻ തിയറ്ററുകളുടെയും ഗുണനിലവാരം ഉറപ്പാക്കൽ തുടങ്ങിയവയാണ് ലക്ഷ്യ പദ്ധതിയുടെ ലക്ഷ്യങ്ങൾ. മൂന്ന് മെഡിക്കൽ കോളേജുകൾ, 13 ജില്ലാ ആശുപത്രികൾ, നാല് താലൂക്ക് ആശുപത്രികൾ എന്നിവ ഉൾപ്പെടെ സംസ്ഥാനത്ത് ഇതുവരെ ആകെ 20 ആശുപത്രികൾക്കാണ് ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ളത്.

ദി ഇന്റർനാഷണൽ സൊസൈറ്റി ഫോർ ക്വാളിറ്റി ഇൻ ഹെൽത്ത് കെയർ അംഗീകരിച്ച എൻ.ക്യു.എ.എസ്. സർട്ടിഫിക്കേഷൻ, ആരോഗ്യ സ്ഥാപനങ്ങളിലെ എട്ട് പ്രധാന മേഖലകളിലെ പരിശോധനയ്ക്ക് ശേഷമാണ് നൽകുന്നത്. കൊല്ലം ചവറ പ്രാഥമിക ആരോഗ്യകേന്ദ്രം (91.41%), കൊല്ലം ചാത്തന്നൂർ പ്രാഥമിക ആരോഗ്യകേന്ദ്രം (96.83%) എന്നിവയ്ക്ക് പുനഃഅംഗീകാരം ലഭിച്ചു. ഇതോടെ, സംസ്ഥാനത്തെ 13 ജില്ലാ ആശുപത്രികൾ, 8 താലൂക്ക് ആശുപത്രികൾ, 14 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 53 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 181 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 92 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ എൻ.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുണ്ട്. സംസ്ഥാനത്ത് എൻ.ക്യു.എ.എസ്. അംഗീകാരം നേടുന്ന ആകെ ആശുപത്രികളുടെ എണ്ണം 361 ആയി ഉയർന്നു.

എൻ.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കും നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്കും 2 ലക്ഷം രൂപ വീതവും, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ വീതവും വാർഷിക ഇൻസെന്റീവ് ലഭിക്കും. എൻ.ക്യു.എ.എസ്/ ലക്ഷ്യ അംഗീകാരങ്ങൾക്ക് മൂന്ന് വർഷത്തെ കാലാവധിയാണുളളത്. മൂന്ന് വർഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുനഃപരിശോധനയും, വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *