മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവം: കടുത്ത വിമര്‍ശനവുമായി ഫാ. യൂജിന്‍ പെരേര

തിരുവനന്തപുരം: വിഴിഞ്ഞത്തും മുതലപ്പൊഴിയിലും മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തില്‍ വിമര്‍ശനവുമായി ലത്തീന്‍ സഭ വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര. സംഭവം ആവര്‍ത്തിക്കുന്നത് ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത മൂലമാണെന്ന് യൂജിന്‍ പെരേര പറഞ്ഞു. മത്സ്യത്തൊഴിലാളികളോട് പുറംതിരിഞ്ഞു നില്‍ക്കുന്ന സമീപനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

2018ല്‍ ഓഖിയുണ്ടായപ്പോള്‍ ഭരണകൂടം പരാജയപ്പെട്ടു. അവിടെ നിന്ന് ഒരിഞ്ച് പോലും മുന്നോട്ട് പോയിട്ടില്ല. കാലാവസ്ഥാ മുന്നറിയിപ്പിനുള്ള ഫലപ്രദമുള്ള സംവിധാനം ഏര്‍പ്പെടുത്തണം. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഏജന്‍സി ഉറക്കത്തിലാണ്. ജൂണ്‍ മാസത്തില്‍ ഫിഷറീസ് മന്ത്രിയെ നേരിട്ട് കണ്ട് മുതലപ്പൊഴിയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ചില കാര്യങ്ങള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ലൈറ്റ് ലഭിക്കാനുള്ള സംവിധാനം പോലും ചെയ്തിട്ടില്ല. മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിക്കാന്‍ സമ്മര്‍ദ്ദം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കാന്‍ ഫലപ്രദമായ സംവിധാനം ഇല്ലെന്നും അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ഒരു സ്‌ക്വാഡ് ഇല്ല. കൃത്യമായ മേല്‍നോട്ടം വഹിക്കാത്തത് കൊണ്ടാണ് അപകടങ്ങള്‍ ഉണ്ടാകുന്നത്. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി ഒരു മരണം ഇല്ലാതിരിക്കാന്‍ ഇടപെടല്‍ ഉണ്ടാവണം. കടലില്‍ പോകരുത് എന്ന് മുന്നറിയിപ്പ് നല്‍കുമ്പോള്‍ മിനിമം വേതനം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സഹായം ലഭിക്കാതെ വരുമ്പോഴാണ് മുന്നറിയിപ്പ് ലംഘിച്ചും മത്സ്യബന്ധനത്തിന് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും യൂജിന്‍ പെരേര ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *