തിരുവനന്തപുരം: നിയമസഭാകക്ഷിയിലെ ബലാബലം മന്ത്രിസഭയിലും പ്രതിഫലിച്ചു. 63 അംഗ കോൺഗ്രസ് നിയമസഭാകക്ഷിയിൽ 47 പേരുടെ പിന്തുണ നേടിയ കെ.സി. വേണുഗോപാലിന്റെ പക്ഷത്തുനിന്നാണ് മന്ത്രിമാരിൽ ഏറെയും. കോൺഗ്രസിന്റെ 11 മന്ത്രിമാരിൽ എട്ടുപേരും വേണുവിന്റെ അനുയായികൾ. കെ. മുരളീധരനും റോജി എം. ജോണും മാത്രമാണ് വി.ഡി. സതീശനോട് ആഭിമുഖ്യമുള്ളവർ. മന്ത്രിമാരെ നിശ്ചയിക്കാൻ സീനിയോറിറ്റിയായിരുന്നു പ്രധാന മാനദണ്ഡം. ഈഴവ വിഭാഗത്തിൽ നിന്നുള്ള ഒൻപതുപേരും പുതുമുഖങ്ങളായിരിക്കെ ഇവരിൽനിന്ന് എം. ലിജു, ബിന്ദു കൃഷ്ണ, ഒ.ജെ. ജനീഷ് എന്നിവർ മന്ത്രിസഭയിലെത്തി. ചെന്നിത്തല തന്നോടൊപ്പം നിൽക്കുന്ന ഒരാൾക്കുകൂടി മന്ത്രിസ്ഥാനത്തിനായി ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ആർ.എ.സി. ടിക്കറ്റ് പോലെ കെ.എ. തുളസിയെ പകുതി കാലാവധിയാകുമ്പോൾ മാറ്റി ഐ.സി. ബാലകൃഷ്ണന് അവസരം നൽകുമെന്ന് ഏകദേശ ധാരണയുണ്ട്. തിരുവഞ്ചൂർ രാധാകൃഷ്ണന് മന്ത്രിയാകാനായിരുന്നു താത്പര്യമെങ്കിലും സ്പീക്കർ സ്ഥാനംകൊണ്ട് തൃപ്തനാകേണ്ടിവന്നു. ഷാനിമോൾ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കറായും തീരുമാനിച്ചു.
സതീശനെ പൂട്ടി കെ സി
