കൊച്ചി: അൻസിബയുടെ പരാതിയിൽ നടി ലക്ഷ്മിപ്രിയ, തൃപ്പൂണിത്തുറ വനിതാ സെല്ലിലെ SI രേഷ്മ തുടങ്ങിയവർക്കെതിരെ കേസെടുക്കാൻ പോലീസിന് കോടതിയുടെ നിർദേശം. തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നിർദേശം. വ്യാജ പരാതിയുടെ മറവിൽ മാനസികമായി പീഡിപ്പിച്ചെന്ന അൻസിബയുടെ പരാതിയിലാണ് കോടതി ഇക്കാര്യം നിർദേശിച്ചത്. എഫ്ഐആർ രജിസ്റ്റർ ചെയ്ത് കാര്യങ്ങൾ വെളിച്ചത്തുകൊണ്ടുവരണമെന്ന് കോടതി ഹിൽ പാലസ് പോലീസിനോട് നിർദ്ദേശിച്ചു. ലക്ഷ്മിപ്രിയ നൽകിയ ഒരു പരാതിയുടെ അടിസ്ഥാനത്തിലാണ് അൻസിബയെ മുൻപ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്നാൽ ഈ പരാതി തികച്ചും വ്യാജമാണെന്നും, തന്നെ മാനസികമായി പീഡിപ്പിക്കാനാണ് ലക്ഷ്മിപ്രിയ ശ്രമിച്ചതെന്നും അൻസിബ ആരോപിച്ചു. നിയമവിരുദ്ധമായി തന്നെ പോലീസ് സ്റ്റേഷനിൽ തടഞ്ഞുവെച്ചതായും അൻസിബ തന്റെ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
സ്റ്റേഷനിൽ വെച്ച് തന്നെക്കൊണ്ട് നിർബന്ധിതമായി മാപ്പ് എഴുതി വാങ്ങിച്ചു എന്ന ഗുരുതരമായ ആരോപണവും അൻസിബ ഉന്നയിച്ചിരുന്നു. തൃപ്പൂണിത്തുറ വനിതാ എസ്ഐ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് അൻസിബ ഈ പരാതി നൽകിയിരിക്കുന്നത്. ഈ വിഷയത്തിൽ നേരത്തെ മുഖ്യമന്ത്രിക്കുൾപ്പെടെ അൻസിബ പരാതി നൽകിയിരുന്നു. പിന്നാലെ തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിനൊടുവിൽ അൻസിബയുടെ പരാതിയിൽ കഴമ്പില്ലെന്ന റിപ്പോർട്ടാണ് പോലീസ് നൽകിയത്. എന്നാൽ പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടി അൻസിബ കോടതിയെ സമീപിക്കുകയായിരുന്നു.



