ശ്രീലങ്കക്കെതിരായ സന്നാഹ മത്സരത്തിന് തൊട്ടുമുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ക്യാമ്പിൽ ആശങ്ക പടർത്തി നായകൻ ശുഭ്മാൻ ഗില്ലിന്‍റെ പരിക്ക്. പരിശീലനത്തിനിടെ വിരലിന് പരിക്കേറ്റതിനെ തുടർന്ന് ശ്രീലങ്കൻ ഇലവനെതിരായ ത്രിദിന പരിശീലന മത്സരത്തിന്‍റെ ഒന്നാം ദിനം ഗിൽ കളത്തിലിറങ്ങിയില്ല. ഗില്ലിന്‍റെ അഭാവത്തിൽ വൈസ് ക്യാപ്റ്റൻ കെ.എൽ. രാഹുലാണ് പരിശീലന മത്സരത്തിൽ ഇന്ത്യയെ നയിക്കുന്നത്. വ്യാഴാഴ്ച നടന്ന നെറ്റ്സ് പരിശീലനത്തിനിടെയാണ് ഗില്ലിന്‍റെ വിരലിന് പരിക്കേറ്റത്. പേസ് ബൗളർ ഗുർനൂർ ബ്രാറിന്‍റെ പന്ത് നേരിടുന്നതിനിടെ ഗില്ലിന്‍റെ വലതുകൈയിലെ മോതിരവിരലിൽ പന്തുകൊള്ളുകയായിരുന്നു. തുടർന്ന് ഫിസിയോയുടെ സഹായം തേടിയ ഗില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീണ്ടും ബാറ്റിംഗ് തുടർന്നുവെങ്കിലും, പിന്നാലെ സ്ലിപ്പിൽ ഫീൽഡിംഗ് നടത്തുന്നതിനിടെ വിരലിന് വീണ്ടും പന്ത് കൊണ്ടത് പരിക്ക് കൂട്ടി. മുൻകരുതൽ നടപടിയെന്ന നിലയിലാണ് ഒന്നാം ദിനത്തിൽ വിശ്രമം അനുവദിച്ചതെന്നും മെഡിക്കൽ സംഘം ഗില്ലിന്‍റെ പരിക്ക് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ബിസിസിഐ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *