റിയാദിലെ ചരിത്രപ്രസിദ്ധമായ ‘റെഡ് പാലസ്’ ഹോട്ടലാകുന്നു, പുതിയ ലോഗോ പുറത്തിറക്കി

റിയാദ്: സൗദി അറേബ്യയുടെ ഭരണ-രാഷ്ട്രീയ ചരിത്രത്തിലും വാസ്തുവിദ്യയിലും നിർണായക സ്ഥാനമുള്ള റിയാദിലെ ചരിത്രപ്രസിദ്ധമായ ‘റെഡ് പാലസ്’ (അൽ ഖസർ അൽ അഹ്‌മർ) അതിആഡംബര ബൂട്ടിക് പൈതൃക ഹോട്ടലായി മാറുന്നു. പൊതുജനങ്ങൾക്കായി ഉടൻ തുറന്നുകൊടുക്കുന്നതിെൻറ മുന്നോടിയായി കൊട്ടാരത്തിെൻറ തനിമയും ചരിത്രമഹിമയും ചോർന്നുപോകാതെയുള്ള പുതിയ ലോഗോയും ഔദ്യോഗിക ദൃശ്യരൂപവും അധികൃതർ പുറത്തിറക്കി.

സൗദി അറേബ്യൻ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിെൻറ (PIF) പൂർണ ഉടമസ്ഥതയിലുള്ള ആതിഥേയ സേവന കമ്പനിയായ ‘ബൂട്ടീക് ഗ്രൂപ്പ്’ ആണ് സൗദി വിഷൻ 2030 പദ്ധതിയുടെ ഭാഗമായി ഈ ചരിത്രമന്ദിരത്തെ പുനരുദ്ധരിക്കുന്നത്. ഈ വർഷം തന്നെ ഹോട്ടലിെൻറ ഉദ്ഘാടനം ഉണ്ടാകും.

കൊട്ടാരത്തിൻറെ ഭിത്തികളിലെ പഴയ പ്ലാസ്റ്റർ കൊത്തുപണികളിൽ കാണുന്ന റോസാപ്പൂ മാതൃകയാണ് പുതിയ ലോഗോയിലെ പ്രധാന ചിഹ്നം. കൊട്ടാരത്തിെൻറ മുൻവശത്തെ നിർമാണശൈലിയെ അനുസ്മരിപ്പിക്കുന്ന ഡയമണ്ട് ഡിസൈനും ഉൾവശത്തെ ഇരുമ്പ് അലങ്കാരപ്പണികളും തനത് വാസ്തുവിദ്യയുമാണ് ലോഗോയുടെ മറ്റ് വരകൾക്കും കോണുകൾക്കും ആധാരം. സൗദിയുടെ സാംസ്കാരിക പൈതൃകം വ്യക്തമാക്കുന്ന ദേശീയ ചിഹ്നവും ഇതിലുണ്ട്. കേവലമൊരു ചിഹ്നത്തിനപ്പുറം കൊട്ടാരത്തിൽ എത്തുന്ന അതിഥികൾക്ക് ലഭിക്കാൻ പോകുന്ന രാജകീയ അനുഭവത്തിെൻറയും പരമ്പരാഗത കരകൗശലവിദ്യയുടെയും പ്രതിഫലനമാണ് ഈ ലോഗോയെന്ന് ബൂട്ടീക് ഗ്രൂപ്പ് മാർക്കറ്റിങ് ആൻഡ് ബ്രാൻഡ് മാനേജ്‌മെന്റ് മേധാവി സാമി അൽ അഖ്‌ല വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *