റിയാദ്: സൗദിയിൽ വ്യാപാര സ്ഥാപനങ്ങളിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി ദേശീയ വാണിജ്യ മറച്ചുവെക്കൽ വിരുദ്ധ പദ്ധതി ജൂലായ് മാസത്തിൽ 5,270 പരിശോധനകൾ നടത്തി. ഇതിൽ 130 നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. കണ്ടെത്തിയ കേസുകൾ തുടരന്വേഷണത്തിനും നിയമനടപടികൾക്കുമായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ട്രാവൽ-ടൂറിസം ഏജൻസികൾ, ഹോട്ടലുകൾ, കഫറ്റീരിയകൾ, പുരുഷന്മാരുടെ റെഡിമെയ്ഡ് വസ്ത്രക്കടകൾ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും പരിശോധന.
മറ്റൊരാളുടെ പേരിൽ നിയമവിരുദ്ധമായി വ്യാപാരം നടത്തുകയോ വ്യാപാരം നടത്താൻ അനുവദിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടികളാണ് സൗദിയിലെ നിയമത്തിലുള്ളത്. കുറ്റം തെളിഞ്ഞാൽ പരമാവധി അഞ്ച് വർഷം തടവും 50 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കും. നിയമവിരുദ്ധമായി നേടിയ വരുമാനവും സ്വത്തുക്കളും സർക്കാർ പിടിച്ചെടുക്കും.
വ്യാപാര സ്ഥാപനങ്ങളിൽ 130 നിയമലംഘനങ്ങൾ കണ്ടെത്തി
