മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവം; പത്രക്കുറിപ്പിറക്കി ഫിഷറീസ് മന്ത്രി

തിരുവനന്തപുരം: കൊല്ലത്തും തിരുവനന്തപുരത്തും മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കാതെ പത്രക്കുറിപ്പ് പുറത്തിറക്കി ഫിഷറീസ് മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ. ഇതുവരെ തിരച്ചിലനായി സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചാണ് പത്രക്കുറിപ്പ് ഇറക്കിയത്. സംസ്ഥാന മത്സ്യ വകുപ്പ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പൊലീസ്, ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുന്നു എന്നാണ് പത്രക്കുറിപ്പില്‍ വിശദീകരിക്കുന്നത്.

ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ മുതലപ്പൊഴിയിലും ഡെപ്യൂട്ടി ഡയറക്ടര്‍ വിഴിഞ്ഞത്തും ക്യാമ്പ് ചെയ്ത് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയെന്നും കടല്‍ പ്രക്ഷുബ്ദമായതാണ് കണാതായവരെ കണ്ടെത്താന്‍ കഴിയാത്തതിന്റെ കാരണമെന്നുമാണ് വിശദീകരണം. കപ്പലും ഡോണിയര്‍ വിമാനവും മറൈന്‍ പൊലീസിന്റെ ബോട്ടുകളും മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളും ഉപയോഗിച്ച് വ്യാപകമായ തിരച്ചില്‍ നടത്തിയിട്ടുണ്ട്. ലഭ്യമായ സാങ്കേതിക സംവിധാനങ്ങളും മനുഷ്യവിഭവ ശേഷിയും ഉപയോഗിച്ചാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. കുടുംബങ്ങളുമായി ബന്ധം പുലര്‍ത്തുകയും എല്ലാ പിന്തുണയും ഉറപ്പാക്കുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി വിശദീകരിക്കുന്നു.

പൊഴിയില്‍ മുങ്ങല്‍ വിദഗ്ധരുടെ സേവനം ആവശ്യപ്പെട്ട് കുടുംബം ഉന്നയിച്ച ആവശ്യം പരിഗണിച്ച് വിവിധ ഏജന്‍സികളുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചു. ആവശ്യമായ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഫിഷറീസ് ഡയറക്ടറുടെ നേതൃത്വത്തില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ നീണ്ടകരയില്‍ ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ടെന്നും പത്രക്കുറിപ്പില്‍ പറയുന്നു. വ്യോമതിരച്ചിലിന്റെ സമയം വര്‍ധിപ്പിക്കണമെന്ന ആവശ്യം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പത്രക്കുറിപ്പില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *