‘ശുദ്ധമായ പെട്രോൾ നിങ്ങളുടെ അച്ഛൻ്റെ വീട്ടിൽനിന്ന് വരുമോ?’; ഇ20-യെ വിമർശിക്കുന്നവർക്കെതിരെ ബിജെപി എംപി

റേവ (മധ്യപ്രദേശ്): പെട്രോളിനൊപ്പം എഥനോൾ ചേർക്കാനുള്ള (ഇ20 പെട്രോൾ) കേന്ദ്രസർക്കാരിന്റെ പദ്ധതിയെ വിമർശിക്കുന്നവർക്കെതിരെ അധിക്ഷേപവുമായി റേവയിൽനിന്നുള്ള ബിജെപി എംപി ജനാർദ്ദൻ മിശ്ര. ‘ശുദ്ധമായ പെട്രോൾ നിങ്ങളുടെ പിതാവിന്റെ വീട്ടിൽനിന്ന് വരുമോ?’ എന്ന് അദ്ദേഹം പ്രതിഷേധക്കാരോട് ചോദിച്ചു. രാജ്യത്ത് ശുദ്ധമായ പെട്രോൾ ലഭ്യമല്ലെങ്കിൽ പിന്നെ അത് എവിടെനിന്ന് വരുമെന്നും ബദൽ ഇന്ധനങ്ങൾ ഉത്പാദിപ്പിച്ചില്ലെങ്കിൽ പെട്രോളും ഡീസലും എവിടെനിന്ന് കിട്ടുമെന്നും അദ്ദേഹം ചോദിച്ചു

എഥനോൾ മിശ്രിതം വാഹനങ്ങളുടെ എൻജിന് തകരാറുണ്ടാക്കില്ലെന്ന് വിദഗ്ധർ കണ്ടെത്തിയിട്ടുണ്ടെന്നും ഇതിനെതിരെയുള്ള പ്രതിഷേധങ്ങൾ അനാവശ്യമാണെന്നും എംപി അവകാശപ്പെട്ടു. എഥനോൾ മിശ്രിതം ഉപയോഗിക്കുന്നതുകൊണ്ട് എൻജിൻ തുരുമ്പിക്കുകയോ വാഹനത്തിന്റെ ആയുസ്സ് കുറയുകയോ ചെയ്യുന്നില്ലെന്ന് കേന്ദ്രസർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. ബയോഗ്യാസ്, സിഎൻജി തുടങ്ങിയ ബദൽ ഇന്ധനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സർക്കാരിന്റെ നടപടികളെകുറിച്ചും ജനാർദ്ദൻ മിശ്ര സംസാരിച്ചു.

ഇന്ത്യയിലെ ക്രൂഡ് ഓയിൽ ആവശ്യകതയുടെ 80 ശതമാനവും ഇറക്കുമതിയിലൂടെയാണെന്ന് എംപി പറഞ്ഞു. വെറും 20 ശതമാനം മാത്രമാണ് രാജ്യത്ത് ഉത്പാദിപ്പിക്കുന്നത്. നിലവിലെ ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം എണ്ണ ടാങ്കറുകൾക്ക് പലപ്പോഴും 18,000 കിലോമീറ്ററോളം അധികം സഞ്ചരിക്കേണ്ടി വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി 20 ശതമാനം എഥനോൾ കലർത്തുന്നതിനെക്കുറിച്ച് സംസാരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ എഥനോൾ ഉത്പാദിപ്പിക്കുന്ന ബ്രസീലിലെ വാഹനങ്ങൾ 100 ശതമാനം എഥനോളിലാണ് ഓടുന്നതെന്നും ഇന്ത്യൻ വാഹനങ്ങളും ഇതിന് പ്രാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *