തിരുവനന്തപുരം:വിദേശ സംഭാവന നിയന്ത്രണ നിയമമായ FCRAയിൽ നിർദേശിച്ചിരിക്കുന്ന ഭേദഗതികൾ മിഷനറി സംഘടനകൾ, സന്നദ്ധ സംഘടനകൾ, ജീവകാരുണ്യ സ്ഥാപനങ്ങൾ, സാമൂഹിക സേവന സംഘടനകൾ എന്നിവയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതകൾ സംബന്ധിച്ച് അടിയന്തര ചർച്ച ആവശ്യപ്പെട്ട് ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ് എംപി.
വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, അനാഥ സംരക്ഷണം, വയോജന പരിചരണം, ഗോത്രവർഗ ക്ഷേമം, ദുരന്തനിവാരണം, പുനരധിവാസം, ദാരിദ്ര്യനിർമാർജനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി മിഷനറി സംഘടനകളും വിശ്വാസാധിഷ്ഠിത ജീവകാരുണ്യ സ്ഥാപനങ്ങളും വിദേശ സംഭാവനകളെ ആശ്രയിച്ചാണ് സേവന പ്രവർത്തനങ്ങൾ നടത്തുന്നത്. ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ പുതിയ നിയന്ത്രണങ്ങൾ അനാവശ്യമായി തടസ്സപ്പെടുത്താൻ പാടില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ചൂണ്ടിക്കാട്ടി.
വിദേശ സംഭാവനകളുടെ സുതാര്യവും ഉത്തരവാദിത്വപരവുമായ വിനിയോഗം ഉറപ്പാക്കുന്നത് അനിവാര്യമാണ്. എന്നാൽ അതിന്റെ പേരിൽ യഥാർത്ഥത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകൾക്ക് അമിതമായ അനുസരണച്ചെലവും ഭരണപരമായ ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്ന തരത്തിലുള്ള വ്യവസ്ഥകൾ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രജിസ്ട്രേഷൻ, പുതുക്കൽ, അനുമതി നടപടികൾക്ക് വ്യക്തവും സമയബന്ധിതവുമായ മാനദണ്ഡങ്ങൾ, ചെറിയതും ഗ്രാമീണ തലത്തിൽ പ്രവർത്തിക്കുന്നതുമായ എൻജിഒകൾക്ക് അനുപാതരഹിതമായ കംപ്ലയൻസ് ബാധ്യതകൾ ഒഴിവാക്കൽ, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം നിയന്ത്രണ നടപടികൾ സ്വീകരിക്കൽ, പ്രതികൂല തീരുമാനങ്ങൾക്കെതിരെ ഫലപ്രദമായ അപ്പീൽ–റിവ്യൂ സംവിധാനം ഉറപ്പാക്കൽ എന്നിവ ഭേദഗതികളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിയമപരമായ നടപടികളുടെയോ സാങ്കേതികമായ പിഴവുകളുടെയോ പേരിൽ വർഷങ്ങളായി തുടരുന്ന ക്ഷേമ പദ്ധതികൾ പെട്ടെന്ന് തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കണം. വിദേശ സംഭാവന ലഭിക്കുന്ന സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ, ഫണ്ട് കൈമാറ്റം, വിനിയോഗം എന്നിവ സംബന്ധിച്ച നിയന്ത്രണങ്ങൾ യഥാർത്ഥ സേവന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താത്ത രീതിയിലായിരിക്കണമെന്നും എംപി പറഞ്ഞു.
എഫ്‌സിആർഎയുടെ നിയന്ത്രണ ലക്ഷ്യം സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതായിരിക്കണം. എന്നാൽ നിയമപരമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ, മാനുഷിക, വിദ്യാഭ്യാസ, ആരോഗ്യ സംഘടനകളുടെ പ്രവർത്തനങ്ങളെ അനാവശ്യ നിയന്ത്രണങ്ങളിലൂടെ ദുർബലപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് എംപി വ്യക്തമാക്കി.
ആയിരക്കണക്കിന് സംഘടനകളുടെയും അവയുടെ സേവനങ്ങളെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ഗുണഭോക്താക്കളുടെയും ജീവിതത്തെ ബാധിക്കാവുന്ന വിഷയമായതിനാൽ, സാധാരണ സഭാ നടപടികൾ നിർത്തിവച്ച് എഫ്‌സിആർഎ ഭേദഗതിയെക്കുറിച്ച് അടിയന്തര ചർച്ച നടത്തണമെന്ന് അദ്ദേഹം ലോക്‌സഭാ സ്പീക്കറോട് നോട്ടീസിൽ ആവശ്യപ്പെട്ടു.
“നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി വേണം. എന്നാൽ നിയമം പാലിച്ച് രാജ്യത്തെ പിന്നാക്കവിഭാഗങ്ങൾക്കും ദുരിതബാധിതർക്കും സേവനം ചെയ്യുന്ന സംഘടനകളെ സംശയത്തിന്റെ പേരിൽ തടയരുത്. പുതിയ നിയമഭേദഗതികൾ നടപ്പാക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എൻജിഒകൾ, ജീവകാരുണ്യ സ്ഥാപനങ്ങൾ, സാമൂഹിക സേവന സംഘടനകൾ, മിഷനറി–വിശ്വാസാധിഷ്ഠിത സംഘടനകൾ എന്നിവരുമായി സർക്കാർ സമഗ്രമായ കൂടിയാലോചന നടത്തണം”, കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
