തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയിൽ നിന്ന് ഇനി പിന്മാറില്ലെന്ന് യുഡിഎഫിൽ ധാരണ. വീര്യം കുറഞ്ഞ മദ്യം വിൽക്കണോയെന്നതിൽ നിര്‍ദ്ദേശം സമര്‍പ്പിക്കാൻ യുഡിഎഫ് ഉപസമിതിയുണ്ടാക്കും. രണ്ടാം ഭൂപരിഷ്കരണം, സ്വകാര്യ നിക്ഷേപം തുടങ്ങിയവയിൽ തീരുമാനമെടുക്കാൻ ഒരു ദിവസം നീളുന്ന യോഗം ചേരാനും യുഡിഎഫ് തീരുമാനിച്ചു. വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി തീരുമാനിച്ചു. വിവാദം തണുപ്പിക്കാൻ നികുതി തീരുമാനിച്ചെങ്കിലും വീര്യം കുറഞ്ഞ മദ്യം വിൽക്കണോയെന്ന് യുഡിഎഫ് തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ചേര്‍ന്ന ആദ്യ മുന്നണി യോഗത്തിൽ യുഡിഎഫ് ഉപസമിതി വെയ്ക്കാമെന്ന് നിര്‍ദ്ദേശം വച്ചു.
പക്ഷേ ഉപസമിതിയിൽ ഏതൊക്കെ നേതാക്കളെന്ന് ക്ലിഫ് ഹൗസിൽ ഇന്ന് ചേര്‍ന്ന യോഗം തീരുമാനിച്ചില്ല. ഉപസമിതി നിര്‍ദ്ദശങ്ങളും മദ്യനയവും ഒരു ദിവസം നീളുന്ന യോഗത്തിലും ചര്‍ച്ചയാകും.രണ്ടാം ഭൂപരിഷ്കരണം, സ്വകാര്യ നിക്ഷേപം, പ്രകടന പ്രതിക നടപ്പാക്കുന്നതിന് മേഖല തിരിച്ചുള്ള ചര്‍ച്ച എന്നിവയ്ക്കാണ് വിശാല യുഡിഎഫ് യോഗം ചേരുന്നത്. ഓണം കഴിഞ്ഞാകും യോഗം. ഇടതു സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ട്, പണം വാങ്ങിയതിനാൽ ഇനി പിഎം ശ്രീയിൽ നിന്ന് പിന്മാറാനാകില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. മന്ത്രിസഭാ ഉപസമിതി റിപ്പോര്‍ട്ടിന് കാക്കുന്നെങ്കിലും പിന്മാറാൻ മുന്നണി സര്‍ക്കാരിനോട് ആവശ്യപ്പെടില്ല.
നേതാക്കള്‍ക്ക് കാബിനറ്റ് റാങ്കോടെയുള്ള പദവിയിൽ അടുത്ത മാസം ഏഴിനകം തീരുമാനമെന്നാണ് മുഖ്യമന്ത്രിയുടെ വാഗ്ദാനം. മാണി സി കാപ്പൻ, പി ജെ ജോസഫ്, എം. കെ മുനീര്‍, ജി ദേവരാജൻ എന്നിവരാണ് പരിഗണനയിൽ. ബോര്‍ഡ് കോര്‍പേറഷൻ വീതം വയ്പിന് കോണ്‍ഗ്രസ് ഘടകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. തിങ്കളാഴ്ച മുതൽ തിരുവനന്തപുരത്താണ് ചര്‍ച്ച. കക്ഷി നേതാക്കളെ മുന്‍ കൂട്ടി യോഗത്തിന്‍റെ അജണ്ട അറിയിച്ചിരുന്നില്ല. മുന്നണി യോഗം വൈകുന്നതിലെ അതൃപ്തിക്കിടെയാണ് യുഡിഎഫ് വിളിച്ചത്.
