തിരുവനന്തപുരം: മെസിയുടെ പേരിലെ തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അർജന്റീന ഫുട്ബോൾ അസോസിയേഷനെ ബന്ധപ്പെട്ടതാരെന്ന് മുൻ കായിക മന്ത്രിയുടെ വാദം തെറ്റ്. ആശയവിനിമയം നടത്തിയത് കായിക വകുപ്പ് അല്ലെന്നും വി അബ്ദുറഹിമാൻ നേരിട്ടെന്നും രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മുൻ മന്ത്രിയുടെ ഇ മെയിൽ ലഭിച്ചു. കായിക സെക്രട്ടറിയോ ഡയറക്ടറോ കളത്തിൽ ഇല്ല. കോപ്പി അയച്ചിരിക്കുന്നത് സ്പോൺസർക്കും എഎഫ്എ ഭാരവാഹികൾക്കും മാത്രമാണ്. കൂടാതെ ഇമെയിലിന്റെ കോപ്പി സ്വകാര്യവ്യക്തിക്കും പോയിട്ടുണ്ട്. മലപ്പുറം സ്വദേശിയായ അമീറ ഐഷ ബീഗത്തിനാണ് കോപ്പി അയച്ചിരിക്കുന്നത്. മന്ത്രിയുടെ സുഹൃത്താണ് മലപ്പുറം സ്വദേശി അമീറ. സംഭവം സംബന്ധിച്ച രേഖകൾ ആദ്യമായിട്ടാണ് പുറത്ത് വരുന്നത്.
അതേ സമയം, മെസിയുടെ പേരിലെ കള്ളക്കളിയിൽ ഉന്നത തല അന്വേഷണം ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. അഴിമതിയും ചട്ടലംഘനങ്ങളും അന്വേഷിക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. പദ്ധതിയുടേത് വിചിത്ര വാണിജ്യ ഘടനയെന്നാണ് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ റിപ്പോർട്ടിലുള്ളത്. സർക്കാർ സംവിധാനങ്ങളിലൂടെ സ്വകാര്യ കമ്പനിക്ക് ലാഭം ഉണ്ടാക്കുന്ന പദ്ധതിയെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടർ കമ്പനിയെ തെരഞ്ഞെടുത്തത് വിശദീകരിക്കുന്ന ഉത്തരവുകളില്ല. നടന്നത് വിദേശ നാണയ വിനിമയം മാത്രമെന്നാണ് സെക്രട്ടറിയുടെ റിപ്പോർട്ട്. റിപ്പോർട്ട് നാളത്തെ മന്ത്രിസഭ യോഗം ചർച്ച ചെയ്യും.
