ദുബൈ: ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സഹോദരബന്ധവും ഉഭയകക്ഷി സഹകരണവും നേതാക്കൾ അവലോകനം ചെയ്തു. സൗഹൃദ സന്ദർശനത്തിന്റെ ഭാഗമായി ഇന്നലെയാണ് ബഹ്റൈൻ രാജാവ് യു.എ.ഇയിലെത്തിയത്. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ ഉൾപ്പെടെയുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ ചർച്ചയായി.
മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് നേതാക്കൾ സംസാരിച്ചു. മേഖല നേരിടുന്ന പൊതുവായ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ പരസ്പര സഹകരണവും ഏകോപനവും കൂടുതൽ ശക്തമാക്കാനും തീരുമാനിച്ചു. ബഹ്റൈന് യു.എ.ഇ തുടർച്ചയായി നൽകിവരുന്ന പിന്തുണക്ക് ബഹ്റൈൻ രാജാവ് നന്ദി അറിയിച്ചു. രാജ്യത്തിനെതിരെയുള്ള വിവിധ വെല്ലുവിളികളെ ഫലപ്രദമായി നേരിടാനും ബഹ്റൈന്റെ ശേഷിയും കാര്യക്ഷമതയും വർധിപ്പിക്കാനും യു.എ.ഇയുടെ പിന്തുണ സഹായിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
