വാടക ഇനി ഒന്നിച്ചുകൊടുക്കേണ്ട; ദുബൈയിൽ ‘റെന്റ് നൗ, പേ ലേറ്റർ’ സേവനം സെപ്റ്റംബറിൽ

ദുബൈ: പ്രവാസികളടക്കമുള്ളവർക്ക് ആശ്വാസമായി ദുബൈയിൽ ‘റെന്റ് നൗ, പേ ലേറ്റർ’ സേവനം വരുന്നു. പദ്ധതി പ്രകാരം വീട്ടുടമസ്ഥർക്ക് വാർഷിക വാടക ബാങ്ക് മുൻകൂറായി നൽകും. വാടകക്കാർക്ക് 12 മാസം വരെയായി പലിശയില്ലാതെ ഇത് തിരിച്ചടയ്ക്കാം. സേവനം സെപ്റ്റംബറിൽ ആരംഭിക്കുമെന്നാണ് ഇമാറാത്ത് അൽ യൗമടക്കം റിപ്പോർട്ട് ചെയ്യുന്നത്. ഒരു കൊല്ലത്തെ വാടക ഒന്നിച്ചുകൊടുക്കാൻ ബുദ്ധിമുട്ടുന്നവർക്ക് സേവനം ഏറെ ഉപകാരപ്പെടും. ഒരു പ്രാദേശിക ബാങ്കുമായി സഹകരിച്ച് ദുബൈ ലാൻഡ് ഡിപ്പാർട്ട്മെന്റാ (ഡിഎൽഡി)ണ് സംരംഭം നടപ്പാക്കുന്നത്.

നിർദ്ദിഷ്ട സംവിധാനം പ്രകാരം വാടകക്കാരൻ റെസിഡൻഷ്യൽ പ്രോപ്പർട്ടി തിരഞ്ഞെടുക്കും. തുടർന്ന് ബാങ്ക് മുഴുവൻ വാർഷിക വാടകയും വീട്ടുടമസ്ഥന് മുൻകൂറായി നൽകും. വാടകക്കാരൻ 12 മാസം വരെയുള്ള കാലയളവിൽ പലിശരഹിത ഗഡുക്കളായി ബാങ്കിന് തുക തിരിച്ചടയ്ക്കുമെന്നാണ് റിപ്പോർട്ട്.

സംരംഭത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അപേക്ഷ, ധനസഹായം, തിരിച്ചടവ്, വാടകക്കാർ, വീട്ടുടമസ്ഥർ, ബാങ്ക് തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങൾ സേവനം ഔദ്യോഗികമായി ആരംഭിക്കുമ്പോൾ അറിയാനാകുമെന്നാണ് പ്രതീക്ഷ.ജൂൺ 23 ന് ആരംഭിച്ച DLD യുടെ ‘ഫ്‌ളക്‌സി റെന്റ്’ സംരംഭം അടിസ്ഥാനമാക്കിയാണ് പുതിയ പദ്ധതി. പ്രതിമാസ, ത്രൈമാസ, അർധ വാർഷിക ഗഡുക്കളായുള്ള പേയ്മെന്റ് ഓപ്ഷനുകൾ വാടകക്കാർക്ക് നൽകുന്നതായിരുന്നു ഫ്‌ളക്‌സി റെന്റ്.

Leave a Reply

Your email address will not be published. Required fields are marked *