‘മൺസൂൺ കാലം ഒരു സീസണെന്നതിനപ്പുറം ഒരനുഭവംകൂടിയാണ്’; ‘ഷൂട്ട് ദി റെയിൻ’ ഉദ്ഘാടനംചെയ്ത് ടൂറിസം മന്ത്രി

കൊച്ചി: കേരളത്തിലെ മൺസൂൺകാലമെന്നത് ഒരു സീസൺ എന്നതിനപ്പുറം, ഒരനുഭവംകൂടിയാണെന്ന് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്. ഷൂട്ട് ദി റെയിൻ പോലുള്ള പരിപാടികൾ മഴയുടേയും ഫുട്‌ബോളിന്റേയും സൗന്ദര്യത്തേയും സംസ്ഥാനത്തിന്റെ ആതിഥേയ മനോഭാവത്തേയും ഒന്നിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാജ് കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഷൂട്ട് ദി റെയിൻ 19-ാം പതിപ്പ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ ടൂറിസം, ആതിഥേയ മനോഭാവം, പരസ്പര സൗഹൃദം എന്നിവ ഉയർത്തിക്കാട്ടാൻ ഈ ഫുട്‌ബോൾ ടൂർണമെന്റിലൂടെ സാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിനിടെ ലീലാ റാവിസ് ഫുട്‌ബോൾ ടീം മന്ത്രിയുമായി സൗഹൃദ സംഭാഷണത്തിലേർപ്പെടുകയും അവർക്കൊപ്പം ചിത്രങ്ങളെടുക്കുകയും ചെയ്തു.

വർഷങ്ങളായി കേരളത്തിലെ ഹോട്ടലുകൾ, റിസോർട്ടുകൾ, ഹൗസ് ബോട്ടുകൾ, ട്രാവൽ ആൻഡ് ടൂർ ഓപ്പറേഷൻ ഏജൻസികൾ, ഇവന്റ് മാനേജ്മെന്റ് കമ്പനികൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിലെ ജീവനക്കാരേയും പ്രൊഫഷണലുകളേയും ഒന്നിപ്പിക്കുന്ന ഒരു പ്രത്യേക മൺസൂൺ ടൂറിസം സംരംഭമായി ഷൂട്ട് ദി റെയിൻ മാറിയിട്ടുണ്ടെന്ന് ടൂറിസം പ്രൊഫഷണൽസ് ക്ലബ് പ്രസിഡന്റ് ഷെയ്ഖ് ഇസ്മായിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *