കൊച്ചി: ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കഴിഞ്ഞ മാസം 23ന് കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ താഴ്ന്ന് പറന്ന സംഭവത്തിൽ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്ത്. ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ വേണ്ടിയാണ് ഹെലികോപ്റ്റർ താഴ്ത്തി പറത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പൈലറ്റായ ഉദ്യോഗസ്ഥനൊപ്പം സഹ പൈലറ്റും ക്യാമറ ക്രൂവും ഉൾപ്പെടെ മൂന്ന് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്തെ കോസ്റ്റ് ഗാർഡ് എയർക്രാഫ്റ്റ് ഓപ്പറേറ്റിങ് യൂണിറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് നിർദേശം നൽകിയതെന്നാണ് റിപ്പോർട്ട്. ഇതേ ഉദ്യോഗസ്ഥൻ മുൻപും കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിൽ ശബരിമലയിലേക്കും ഗുരുവായൂരിലേക്കും യാത്ര നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി.
സംഭവം വിവാദമായതോടെ മോശം കാലാവസ്ഥയെ തുടർന്നാണ് ഹെലികോപ്റ്റർ വഴി തെറ്റിയതെന്നായിരുന്നു കോസ്റ്റ് ഗാർഡിന്റെ വിശദീകരണം. എന്നാൽ, സംഭവത്തിൽ ഉദ്യോഗസ്ഥനെ നെടുമ്പാശ്ശേരിയിലെ ചുമതലയിൽ നിന്ന് മാറ്റുകയും കൊച്ചിയിലെ കോസ്റ്റ് ഗാർഡ് മേഖലാ ആസ്ഥാനത്തേക്ക് നിയമിക്കുകയും ചെയ്തു.
