തിരുവനന്തപുരം: ശബരിമല വിഷയങ്ങളിൽ സമരം ശക്തമാക്കാനൊരുങ്ങി ബിജെപി സംസ്ഥാന നേതൃത്വം. ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രിക്ക് കത്തെഴുതി. ശബരിമല സ്ത്രീപ്രവേശന സമരത്തിൽ മുഴുവൻ കേസുകളും പിൻവലിക്കും വരെ സമരം ചെയ്യുമെന്നും ബിജെപി മുന്നറിയിപ്പ് നൽകി. ശബരിമലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഭക്തജനങ്ങളുടെ വിശ്വാസത്തിനും ആചാരങ്ങൾക്കും നേരെ തുടർച്ചയായി കടന്നുകയറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നും 2018-ൽ ആരംഭിച്ച സംഭവവികാസങ്ങൾ ഭക്തസമൂഹത്തിൽ വലിയ വേദന സൃഷ്ടിച്ചിരുന്നുവെന്നും കത്തിൽ പറയുന്നു.
ശബരിമലയിലെ സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളിലും സത്യം പുറത്തുകൊണ്ടുവരുന്നതിനും ക്ഷേത്രസമ്പത്തിൻ്റെ സുരക്ഷയും സുതാര്യതയും ഉറപ്പാക്കുന്നതിനുമായി സി.ബി.ഐ അന്വേഷണം ശുപാർശ ചെയ്യണം, ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത ഭക്തർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കേസുകളും പിൻവലിക്കണം തുടങ്ങിയ ആവശ്യങ്ങളും കത്തിൽ ഉന്നയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയായി അധികാരമേറ്റ സാഹചര്യത്തിൽ, ഈ വിഷയങ്ങളിൽ നീതിയുക്തവും സമയബന്ധിതവും നിർണായകവുമായ തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. നടപടി സ്വീകരിച്ചില്ലെങ്കിൽ അയ്യപ്പഭക്തരുടെ അവകാശങ്ങളും വിശ്വാസവും സംരക്ഷിക്കുന്നതിനായി സംസ്ഥാനവ്യാപകമായി സമാധാനപരമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും മുന്നറിയിപ്പ് നൽകി.
