തിരുവനന്തപുരം: കോൺഗ്രസിനെ എല്ലാകാലത്തും പ്രത്യേയശാസ്ത്ര ശൂന്യത വേട്ടയാടിയിട്ടുണ്ട് അത് ഇപ്പോഴും തുടരുന്നു എന്നതിന്റെ തെളിവാണ് ഇന്ന് എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ച സംഭവമെന്ന് എ എ റഹീം എം പി പറഞ്ഞു. ഇത് അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് കോൺഗ്രസ് പറയുന്നത് എന്നാൽ പുറത്തുവരുന്ന വാർത്തകൾ അങ്ങനെയല്ല. കേരളം ഒഴികെയുള്ള കോൺഗ്രസ് ഭരിക്കുന്ന കർണാടക, തെലങ്കാന,ഹിമാചൽ പ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലും വന്ദേമാതരം പൂർണമായി ആലപിച്ചു. കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിലാണ്. എഐസിസി ആസ്ഥാനത്ത് കസേരയിട്ടിരിക്കുന്നത് സംഘപരിവാറുകാരാണെന്നും എ എ റഹീം പറഞ്ഞു.
കോൺഗ്രസ് ഗാന്ധിയെയും നെഹ്റുവിനെയും ടാഗോറിനെയും മറന്നു. അതാണ് കേരളം ഒഴികെയുള്ള സംസ്ഥാനത്തും എഐസിസി ആസ്ഥാനത്തും കാണാൻ കഴിഞ്ഞത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കോൺഗ്രസിന്റെ സമുന്നതനായ നേതാവ് ഗണഗീതം അടക്കം പാടിയെന്നും എ എ റഹീം എം പി വ്യക്തമാക്കി.
ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളാണ് അപ്രതീക്ഷിത സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. ദേശീയ ഗീതമായ വന്ദേമാതരം മുഴുവൻ ആലപിക്കേണ്ട എന്ന കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി മുഴുവനായും ആലപിക്കുകയായിരുന്നു. ആലാപനത്തിനിടെ സോണിയാ ഗാന്ധിയും അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ഇടപെടാൻ ശ്രമിച്ചെങ്കിലും മുഴുവൻ പാടി ത്തീർക്കുകയായിരുന്നു. പിന്നാലെ ന്യായീകരണവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി.
സംഘാടക തലത്തിലെ വീഴ്ചയാണ് കാരണമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. കോൺഗ്രസ് പ്രവർത്തകരല്ല,മറിച്ച് പുറത്തുനിന്ന് നിയോഗിച്ച ഗായകരാണ് വന്ദേമാതരം പാടിയത്. ഇവർക്ക് കൃത്യമായ നിർദേശം നൽകാതിരുന്നതാണ് ആശയക്കുഴപ്പത്തിന് കാരണമായത്.എന്നാൽ കേരളത്തിൽ വന്ദേമാതരം ഒഴിവാക്കിയ വിവാദത്തിലും കോൺഗ്രസ് നേതൃത്വം ഇനിയും വ്യക്തമായ മറുപടി നൽകിയിട്ടില്ല.
