തൃശ്ശൂർ: ക്ഷയരോഗം നിയന്ത്രിക്കാനും മരണനിരക്ക് കുറയ്ക്കാനും പോഷകങ്ങൾക്കുള്ള പങ്ക് വ്യക്തമാക്കി വീണ്ടും പഠനം. പോഷകാഹാരം ഉറപ്പാക്കിയാൽ രാജ്യത്ത് പ്രതിവർഷം 1.2 ലക്ഷം പേരുടെ ക്ഷയരോഗ മരണം ഒഴിവാക്കാനാകുമെന്നാണ് തെളിഞ്ഞിരിക്കുന്നത്. ദേശീയ ക്ഷയരോഗനിവാരണ പദ്ധതിയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഗവേഷകരുടെ കണ്ടുപിടിത്തമാണിത്. ഇന്ത്യയിലിപ്പോൾ 28 ലക്ഷം ക്ഷയരോഗികളുണ്ടെന്നാണ് കണക്ക്. ക്ഷയരോഗം ബാധിച്ച് വർഷം മൂന്നേകാൽ ലക്ഷത്തിലധികം പേർ ഇവിടെ മരിക്കുന്നുണ്ട്. രോഗികൾക്ക് പോഷകമൂല്യമുള്ള ഭക്ഷണമെത്തിക്കുന്നതാണ് ഏറ്റവും ആദായകരമായ പ്രതിരോധമാർഗമെന്നാണ് പറയുന്നത്. പരമ്പരാഗത വൈദ്യസമീപനങ്ങളെ അപേക്ഷിച്ച് ചെലവ് കുറവാണിതിന്. ദേശീയ ക്ഷയരോഗ നിർമാർജന പരിപാടിയുമായി സഹകരിച്ച് നടത്തിയ പഠനത്തിൽ, 94 ശതമാനം സാഹചര്യങ്ങളിലും പോഷകാഹാര പിന്തുണ ഫലം മെച്ചപ്പെടുത്തിയെന്ന് കണ്ടെത്തി. പഠന റിപ്പോർട്ട് പ്രമുഖമായ ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
പോഷകാഹാരം ഉറപ്പാക്കിയാൽ 1.2 ലക്ഷം ക്ഷയരോഗ മരണം തടയാം
