ന്യൂഡൽഹി: തമിഴ്നാട്ടിലെ ഡിഎംകെ-കോൺഗ്രസ് സഖ്യത്തിലുണ്ടായ വിള്ളൽ ലോക്സഭയിലേക്കും. ലോക്സഭയിൽ ഡിഎംകെ അംഗങ്ങൾക്ക് വേറെ ഇരിപ്പിടം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് എംപി കെ. കനിമൊഴി ലോക്സഭാ സ്പീക്കർക്ക് കത്തുനൽകി. ഇന്ത്യാസഖ്യത്തിലെ കക്ഷികളായ കോൺഗ്രസ്, ഡിഎംകെ എംപിമാർ ഒരുമിച്ചായിരുന്നു ലോക്സഭയിൽ ഇരുന്നിരുന്നത്. നടൻ വിജയ്യുടെ ടിവികെയ്ക്ക് തമിഴ്നാട്ടിൽ സർക്കാർ രൂപവത്കരിക്കാനുള്ള പിന്തുണ നൽകാൻ കോൺഗ്രസ് തീരുമാനിച്ചതിന് പിന്നാലെയാണ് കനിമൊഴിയുടെ കത്ത്. മാറിയ രാഷ്ട്രീയസാഹചര്യത്തിന്റെയും ഡിഎംകെയും കോൺഗ്രസുമായുള്ള സഖ്യം അവസാനിച്ചതിന്റെയും പശ്ചാത്തലത്തിൽ കോൺഗ്രസ് എംപിമാർക്കൊപ്പം ഡിഎംകെ എംപിമാർ ഇരിക്കുന്നത് അനുചിതമാണെന്ന് കനിമൊഴി കത്തിൽ ചൂണ്ടിക്കാണിക്കുന്നു. അതിനാൽ ഡിഎംകെ അംഗങ്ങൾക്ക് അവരുടെ ഉത്തരവാദിത്വങ്ങൾ ഫലപ്രദമായി നിറേവറ്റാൻ സഭയിൽ വേറെ ഇരിപ്പിടങ്ങൾ അനുവദിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.
കോൺഗ്രസ് ബന്ധം മുറിച്ച് ഡിഎംകെ
