‘ദൃശ്യം 3’ ല്‍ അവകാശവാദം ഉന്നയിച്ച് ആമസോണ്‍ പ്രൈം വീഡിയോ

കൊച്ചി: മലയാള സിനിമയില്‍ നിന്ന് ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തി എത്തുന്ന ചിത്രമാണ് ദൃശ്യം 3. മറുഭാഷകളിലേക്ക് ഏറ്റവുമധികം റീമേക്ക് ചെയ്യപ്പെട്ട് മലയാള ചിത്രത്തിന്‍റെ തുടര്‍ച്ച എന്ന നിലയില്‍ മലയാളികളല്ലാത്ത പ്രേക്ഷകരും കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. നേരത്തെ ഏപ്രില്‍ 2 ന് പ്രഖ്യാപിച്ചിരുന്ന റിലീസ് മെയ് 21 ലേക്ക് മാറ്റിയിരുന്നു. എന്നാല്‍ റിലീസിന് രണ്ടര മാസം ശേഷിക്കെ ഒരു അപ്രതീക്ഷിത തര്‍ക്കം ചിത്രവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വരികയാണ്. ദൃശ്യം 3 ന്‍റെ ഡിജിറ്റല്‍ റൈറ്റ്സില്‍ അവകാശവാദം ഉന്നയിച്ച് പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോ ആണ് രം​ഗത്തെത്തിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച പ്രസ്താവനയില്‍ ദൃശ്യം 3 ന്‍റെ എക്സ്ക്ലൂസീവ് ഡിജിറ്റല്‍ അവകാശം തങ്ങള്‍ക്കാണെന്ന് പ്രൈം വീഡിയോ വ്യക്തമാക്കുന്നു. തങ്ങളുടെ അനുമതിയില്ലാതെ ഡിജിറ്റല്‍ റൈറ്റ്സ് സംബന്ധിച്ച മറ്റ് കരാറുകളില്‍ ഏര്‍പ്പെടുന്നത് നിയമനടപടികള്‍ ക്ഷണിച്ചുവരുത്തുമെന്നും കമ്പനി അറിയിക്കുന്നു. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമാണ് ഡിജിറ്റല്‍ അവകാശം തങ്ങള്‍ സ്വന്തമാക്കിയതെന്നും ഇതിലൂടെ ഈ റൈറ്റ്സ് വില്‍ക്കാനുള്ള അവകാശം നിര്‍മ്മാതാക്കള്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയാണെന്നും പ്രൈം വീഡിയോയുടെ പ്രസ്താവനയില്‍ പറയുന്നു.

ഡിജിറ്റല്‍ റൈറ്റ്സിലെ വിവിധ വിഭാ​ഗങ്ങളായ എസ്‍വിഒഡി, ടിവിഒഡി, എവിഒഡി, എഫ്‍വിഒഡി, ഇഎസ്‍ടി റൈറ്റുകള്‍ തങ്ങള്‍ക്ക് സ്വന്തമാണെന്നും ഇവയുടെ തുടര്‍ന്നുള്ള വില്‍പനയ്ക്ക് ആശിര്‍വാദ് സിനിമാസ് അടക്കം മറ്റാര്‍ക്കും അവകാശമില്ലെന്നും പ്രൈം വീഡിയോ വ്യക്തമാക്കുന്നു. വസ്തുത ഇതാണെന്നിരിക്കെ മറ്റ് കക്ഷികളുമായി ചേര്‍ന്ന് പുതിയ കരാറുകള്‍ സൃഷ്ടിച്ചാല്‍ അതില്‍ ഉള്‍പ്പെടുന്നവര്‍ക്ക് നഷ്ടം സംഭവിച്ചേക്കാമെന്നും കുറിപ്പില്‍ പറയുന്നു. ദൃശ്യം 3 ഹിന്ദി പതിപ്പിന്‍റെ നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് മലയാളം ഒറിജിനലിന്‍റെ ആഗോള തിയട്രിക്കല്‍, ഡിജിറ്റല്‍ റൈറ്റുകള്‍ വാങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇത് സൂചിപ്പിച്ചുള്ളതാണോ പ്രൈം വീഡിയോയുടെ പ്രസ്താവന എന്ന സംശയമാണ് ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *