പുണ്യഭൂമിയിൽ അണിനിരക്കുന്നത് 18 ലക്ഷത്തിലധികം തീർഥാടകർ

റിയാദ്: ലോകത്തിന്‍റെ നാനാഭാഗങ്ങളിൽ നിന്നുമായെത്തിയ 18 ലക്ഷത്തിലധികം വരുന്ന ഹജ്ജ് തീർഥാടകർ ഇന്ന് ചരിത്രപ്രസിദ്ധമായ അറഫാ മൈതാനിയിൽ സംഗമിക്കും. ഹജ്ജിന്‍റെ ആത്മാവായി മാറുന്ന ഈ പുണ്യനിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ വിശ്വാസികളുടെ മഹാപ്രവാഹത്തെ വരവേറ്റുകൊണ്ട് അറഫാ മൈതാനം പൂർണ സജ്ജമായിക്കഴിഞ്ഞു.

ഹജ്ജിന്‍റെ പരമപ്രധാനമായ ചടങ്ങായ അറഫാ സംഗമത്തിനായി, ലോക മുസ്ലിംകളുടെ പ്രതിനിധികളായി ഒത്തുചേരുന്ന ഹാജിമാർ ‘ലബ്ബൈക്ക് അല്ലാഹുമ്മ ലബ്ബൈക്ക്’ എന്ന തൽബിയത്ത് മന്ത്രധ്വനികളാൽ പുണ്യഭൂമിയെ ആത്മീയസാന്ദ്രമാക്കും. ചൊവ്വാഴ്ച നമിറാ പള്ളിയിൽ നടക്കുന്ന അറഫാ പ്രഭാഷണത്തോടെയാണ് പ്രധാന ചടങ്ങുകൾക്ക് തുടക്കമാവുക.

പ്രവാചകൻ മുഹമ്മദ് നബി ഹജ്ജ് വേളയിൽ നടത്തിയ വിടവാങ്ങൽ പ്രസംഗത്തെ അനുസ്മരിച്ചുകൊണ്ട് നടക്കുന്ന ഈ വർഷത്തെ അറഫാ പ്രഭാഷണത്തിന് മദീനയിലെ പ്രമുഖ പണ്ഡിതനും പ്രവാചക പള്ളിയിലെ ഇമാമുമായ ഡോ. അഹ്മദ് അൽ ഹുദൈഫി നേതൃത്വം നൽകും. മലയാളം ഉൾപ്പെടെ 50 ഓളം ലോക ഭാഷകളിൽ ഈ പ്രഭാഷണം തത്സമയം വിവർത്തനം ചെയ്ത് ലഭ്യമാക്കാനുള്ള വിപുലമായ ക്രമീകരണങ്ങളാണ് സൗദി അധികൃതർ ഒരുക്കിയിട്ടുള്ളത്. തിങ്കളാഴ്ച രാത്രി മുതൽ മിനാ താഴ്‌വരയിൽ തങ്ങിയിരുന്ന തീർഥാടക ലക്ഷങ്ങൾ പുലർച്ചെയോടെ തന്നെ അറഫാ മൈതാനം ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *