ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാകിസ്താന്റെ വാദങ്ങളാണ് കോൺഗ്രസ് ഏറ്റുപിടിച്ചത്

ബർപേട്ട: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനങ്ങളുയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂർ നടന്ന സമയത്ത് പാകിസ്താൻ പ്രചരിപ്പിച്ച അതേ കാര്യങ്ങൾ കോൺഗ്രസ് ഏറ്റുപറയുകയായിരുന്നുവെന്നും നിർണ്ണായക ഘട്ടത്തിൽ രാജ്യത്തിന്റെ സായുധ സേനയുടെ ആത്മവീര്യം തകർക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചതെന്നും നരേന്ദ്ര മോദി വിമർശിച്ചു. അസമിലെ ബർപേട്ടയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഓപ്പറേഷൻ സിന്ദൂർ സമയത്ത് മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യൻ സൈന്യം പാകിസ്താനെ കീഴടങ്ങാൻ പ്രേരിപ്പിച്ചപ്പോൾ, പാകിസ്താന് സ്തുതി പാടാനാണ് കോൺഗ്രസ് ശ്രമിച്ചതെന്ന് മോദി പരിഹസിച്ചു. കോൺഗ്രസ് നേതാക്കളും പാകിസ്താനും തമ്മിലുള്ള ഈ ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും ഇന്ത്യയുടെ ശത്രുക്കളുടെ അജണ്ടകൾക്ക് കോൺഗ്രസ് എപ്പോഴും ഒത്താശ ചെയ്യുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു. ഇത്തരം പ്രസ്താവനകൾ ആഗോളതലത്തിൽ ഇന്ത്യയുടെ നിലപാടിനെ ദുർബലപ്പെടുത്തുകയും ശത്രുശക്തികൾക്ക് കരുത്ത് പകരുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *