ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകൻ അഭിജീത് ദീപ്കെക്ക് വധഭീഷണി. വാട്‌സ്ആപ്പ് സന്ദേശത്തിലൂടെയാണ് വധഭീഷണ വന്നത്. തനിക്ക് വന്ന വധഭീഷണിയുടെ സ്ക്രീൻ ഷോട്ട് അഭിജീത് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു. അക്കൗണ്ട് നീക്കം ചെയ്തില്ലെങ്കിൽ കൊലപ്പെടുത്തുമെന്നാണ് സന്ദേശം. അക്കൗണ്ട് നീക്കം ചെയ്താൽ പണം നൽകാമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. ‘നിങ്ങളുടെ നമ്പർ ഞങ്ങളുടെ പക്കലുണ്ട്. നിങ്ങളുടെ വീട് കണ്ടെത്താൻ ഞങ്ങൾക്ക് അധിക സമയം വേണ്ട’ എന്ന മറ്റൊരു സന്ദേശവും അഭിജീത്തിന് ലഭിച്ചു. ബിജെപിയാണ് ഭീഷണിക്ക് പിന്നിലെന്നാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ആരോപണം.
അതിനിടെ, നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി രംഗത്തെത്തി. ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ ക്യാമ്പയിനും സിജെപി നടത്തുന്നുണ്ട്. ഇതിൻ്റെ ഭാഗമായി ഓൺലൈൻ ഒപ്പ് ശേഖരണവും ആരംഭിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതില്‍ പ്രതിഷേധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയാണ് കോക്രോച്ച് ജനതാ പാര്‍ട്ടി. ദിവസങ്ങൾക്കുള്ളിലാണ് പാർട്ടി സമൂഹ മാധ്യമങ്ങളിൽ തരംഗമായത്. ഇന്ത്യയിലെ മുൻനിര രാഷ്ട്രീയ മുന്നണികളുടെ സമൂഹമാധ്യമ അക്കൗണ്ടുകളെ പിന്നിലാക്കിയായിരുന്നു സിജെപിയുടെ വരവ്. ഇതിനിടെ സിജെപിയുടെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ ബ്ലോക്ക് ഏർപ്പെടുത്തി. കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്നാണ് എക്‌സ് അക്കൗണ്ട് നിരോധിച്ചതെന്നാണ് ഇന്റലിജന്‍സ് ബ്യൂറോ പറഞ്ഞത്.
കഴിഞ്ഞയാഴ്ച കോടതി നടപടികള്‍ക്കിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചത്. ‘ഒരു പണിയുമില്ലാത്ത ചില യുവാക്കളുണ്ട്. അവരില്‍ ചിലര്‍ മാധ്യമപ്രവര്‍ത്തകരും ചിലര്‍ സോഷ്യല്‍ മീഡിയ, ആര്‍ടിഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുന്നു. അവര്‍ കോക്രോച്ചുകളും പാരസൈറ്റുകളുമാണ്’ എന്നാണ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞത്. യുവാക്കള്‍ക്കുവേണ്ടി, യുവാക്കളാല്‍ എന്നതാണ് പാര്‍ട്ടിയുടെ മുദ്രാവാക്യം. ‘സെക്യുലര്‍-സോഷ്യലിസ്റ്റ്- ഡെമോക്രാറ്റിക്- ലേസി’ എന്നാണ് പാര്‍ട്ടി സ്വയം വിശേഷിപ്പിക്കുന്നത്. സിസ്റ്റം ശ്രദ്ധിക്കാന്‍ മറന്നുപോയവരുടെ, മടിയന്മാരുടെയും തൊഴില്‍രഹിതരുടെയും ശബ്ദം എന്നാണ് ഔദ്യോഗിക വെബ്സൈറ്റില്‍ സിജെപി വിശേഷിപ്പിക്കുന്നത്.
സിജെപിക്ക് സ്വന്തമായി മാനിഫെസ്റ്റോയുമുണ്ട്. ക്യാബിനറ്റ് പദവികളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം വേണം, രാഷ്ട്രീയ പാര്‍ട്ടി മാറുന്ന എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും 20 വര്‍ഷത്തെ തെരഞ്ഞെടുപ്പ് വിലക്ക് ഏര്‍പ്പെടുത്തണം, ചീഫ് ജസ്റ്റിസുമാര്‍ക്ക് വിരമിക്കലിന് ശേഷമുളള രാജ്യസഭാ പദവികള്‍ നിരോധിക്കണം, ഗോദി മീഡിയ ആങ്കര്‍മാരുടെ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് അന്വേഷിക്കണം, തെരഞ്ഞെടുപ്പില്‍ അര്‍ഹതപ്പെട്ട വോട്ടുകള്‍ റദ്ദാക്കപ്പെട്ടാല്‍ ശക്തമായ നടപടി തുടങ്ങിയവയാണ് സിജെപിയുടെ മാനിഫെസ്റ്റോയില്‍ പറയുന്നത്.
