‘പരാശക്തി’ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെ പരാതിയുമായി സംവിധായക സുധ കൊങ്കര

ശിവകാര്‍ത്തികേയനും രവി മോഹനും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘പരാശക്തി’. ബോക്സ് ഓഫീസില്‍ ചിത്രം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ് പരാശക്തിയുടെ സംവിധായക സുധ കൊങ്കര. പ്രതിഫലമായ 8.39 കോടി രൂപ ലഭിച്ചില്ലെന്ന് ആരോപിച്ചാണ് സംവിധായിക മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഇതേ നിര്‍മാണക്കമ്പനിയുടെ അടുത്ത ചിത്രമായ ഇദയം മുരളിയുടെ റിലീസ് തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യമെന്ന് ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു. പരാശക്തിയുടെ സാറ്റ്ലൈറ്റ് റിലീസ് ജൂലൈ എട്ടുവരെ കോടതി തടഞ്ഞു.

മുന്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും ഉപമുഖ്യമന്ത്രിയുമായിരുന്ന ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസ് ആയിരുന്നു ചിത്രത്തിന്റെ വിതരണം. ജനുവരിയിലാണ് ചിത്രം റിലീസിനെത്തിയത്. റിലീസിനെത്തുന്ന സമയത്ത് തന്നെ ചിത്രം വിവാദത്തിലായിരുന്നു. ജനുവരിക്കു ശേഷമായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത് എന്നാല്‍ ജനുവരി ഒന്‍പതിന് പുറത്തിക്കാന്‍ പദ്ധതിയിട്ട വിജയ്യുടെ ജനനായകനുമായി ക്ലാഷ് റിലീസായി ചിത്രം പുറത്തിറങ്ങുമെന്ന് പ്രഖ്യാപിക്കപ്പെടുകയായിരുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പരാശക്തി റിലീസ് നേരത്തെയാക്കിയതെന്ന് വ്യാപകവിമര്‍ശനം ഉയര്‍ന്നു. എന്നാല്‍, സെന്‍സര്‍ നടപടികളില്‍ കുരുങ്ങി ജനനായകന്‍ റിലീസ് വൈകി.

1965ല്‍ തമിഴ്‌നാട്ടില്‍ നടന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. സിനിമയില്‍ ശിവകാര്‍ത്തികേയനൊപ്പം ശ്രീലീല, രവി മോഹന്‍, അഥര്‍വ, റാണ ദഗ്ഗുബതി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. സുരറൈ പോട്രുവിന് ശേഷം സുധ കൊങ്ങരെ സംവിധാനം ചെയ്ത ചിത്രമാണ് പരാശക്തി. ചിത്രത്തില്‍ മലയാള നടന്‍ ബേസില്‍ ജോസഫ് അതിഥി വേഷം ചെയ്തിട്ടുണ്ട്. ജി.വി.പ്രകാശ് കുമാര്‍ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ഡോണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ ആകാശ് ഭാസ്‌കരനാണ്.

Leave a Reply

Your email address will not be published. Required fields are marked *