ഈ വർഷം ആ​ഗോള താപനില വർധിക്കും; മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്രസഭ

ന്യൂയോർക്ക്: വീണ്ടും എൽ നിനോ പ്രതിഭാസം വരുമെന്ന് മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഏജൻസിയായ വേൾഡ് മെട്രോളജിക്കൽ ഓർഗനൈസേഷൻ (WMO). ഈ വർഷം ആഗോള താപനിലയിൽ വൻ വർദ്ധനയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ കടുത്ത വരൾച്ചയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് അറിയിച്ചത്. കേരളം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ എൽ നിനോ വലിയ തിരിച്ചടിയാകുമെന്നാണ് റിപ്പോർട്ട്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ശരാശരിയേക്കാൾ 6 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. സമുദ്രങ്ങളിൽ ഉഷ്ണതരംഗങ്ങൾ രൂപപ്പെടുന്നത് കടുത്ത വരൾച്ചയ്ക്കും, ചിലയിടങ്ങളിൽ അപ്രതീക്ഷിതമായ കനത്ത മഴയ്ക്കും കാരണമാകും. മധ്യ, കിഴക്കൻ പസഫിക് സമുദ്രത്തിലെ സമുദ്രോപരിതല താപനിലയിലുണ്ടാകുന്ന അസ്വാഭാവികമായ മാറ്റങ്ങളാണ് എൽ നിനോയ്ക്ക് കാരണം. ജൂൺ മുതൽ ആരംഭിക്കുന്ന ഉയർന്ന താപനില ഓഗസ്റ്റ് മാസം വരെ തുടരും. നവംബർ മാസം വരെ എൽ നിനോ പ്രതിഭാസം നീണ്ടുനിൽക്കാൻ സാധ്യതയുണ്ടെന്ന് വേൾഡ് മെട്രോളജിക്കൽ ഓർഗനൈസേഷൻ വിലയിരുത്തി.

ദക്ഷിണേഷ്യയിൽ വരൾച്ചാ ഭീഷണിയുള്ളപ്പോൾ, മധ്യേഷ്യൻ രാജ്യങ്ങളിൽ മഴ കൂടാൻ ഇത് കാരണമാകും. കൂടാതെ പസഫിക് സമുദ്രത്തിൽ ശക്തമായ ചുഴലിക്കാറ്റുകൾ രൂപപ്പെടാനും സാധ്യതയുണ്ട്. നേരത്തെ 2024 ലാണ് ലോകം ഇതിന് മുൻപ് എൽ നിനോ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ചത്. ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ വർഷമായാണ് 2024 രേഖപ്പെടുത്തിയത്. അതിനേക്കാൾ കടുത്ത ആഘാതമായിരിക്കുമോ പുതിയ എൽ നിനോ സൃഷ്ടിക്കുക എന്ന ആശങ്കയിലാണ് ശാസ്ത്രലോകം. ആഗോളതലത്തിൽ വരാനിരിക്കുന്ന വരൾച്ചയെയും കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങളെയും നേരിടാൻ രാജ്യങ്ങൾ സജ്ജമാകണമെന്ന് യുഎൻ നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *