മുംബൈ: തീവ്രവാദം പ്രചരിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടി 114 പ്രസിദ്ധീകരണങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി മഹാരാഷ്ട്ര. സംസ്ഥാന ആഭ്യന്തര വകുപ്പ് ഓഗസ്റ്റ് ആറിനാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. പ്രസിദ്ധീകരണം, വിതരണം, കൈവശം വെക്കൽ, സൂക്ഷിപ്പ് എന്നിവ സർക്കാർ നിരോധിച്ചു. മാസികകൾ, ലേഖനങ്ങൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ, ഓഡിയോ-വീഡിയോ ഫയലുകൾ, മറ്റു ഡിജിറ്റൽ പതിപ്പുകളടക്കം നിരോധനമേർപ്പെടുത്തിയതിലുണ്ട്.
ദേശീയ സുരക്ഷ, രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഹാനികരമെന്ന് കരുതുന്ന പ്രസിദ്ധീകരണങ്ങൾ കണ്ടുകെട്ടാൻ സർക്കാരിന് അധികാരം നൽകുന്ന വകുപ്പുകൾ ഉപയോഗിച്ചാണ് നടപടി.
മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ (എടിഎസ്) അന്വേഷണങ്ങൾ, സുരക്ഷാ ഏജൻസികളിൽ നിന്നുള്ള ഇന്റലിജൻസ് വിവരങ്ങൾ, സൈബർ നിരീക്ഷണം എന്നിവയിൽ നിന്ന് ലഭിച്ച വിവരങ്ങളെത്തുടർന്നാണ് 114 പ്രസിദ്ധീകരണങ്ങൾക്കെതിരെയുള്ള നിലവിലെ നടപടി.ഇത്തരം പ്രസിദ്ധീകരണങ്ങൾ തീവ്രവാദത്തെ മഹത്വവൽക്കരിക്കുകയും, തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും, തീവ്രവാദ സംഘടനകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സംസ്ഥാന സുരക്ഷയ്ക്കും പൊതുസമാധാനത്തിനും ഗുരുതരമായ ഭീഷണിയും ആയ സാഹചര്യത്തിലാണ് നടപടിയെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.ലിസ്റ്റ് ചെയ്തിട്ടുള്ള പ്രസിദ്ധീകരണങ്ങളുടെ ഡിജിറ്റൽ പകർപ്പുകളടക്കം കണ്ടുകെട്ടാനാണ് ഉത്തരവിൽ നിർദ്ദേശിച്ചിരിക്കുന്നത്.ഇസ്ലാമിക് സ്റ്റേറ്റ് , ഇസ്ലാമിക് സ്റ്റേറ്റ് ഇൻ ഖൊറാസാൻ പ്രവിശ്യ, ഹിസ്ബുൾ മുജാഹിദ്ദീൻ പീർ പഞ്ജാൽ റെജിമെന്റ്, അൽ-ഖ്വയ്ദ (AQIS) തുടങ്ങിയ നിരോധിത ഭീകര സംഘടനകളുമായി ബന്ധമുള്ളതാണ് പ്രസിദ്ധീകരണങ്ങളെന്നും മഹാരാഷ്ട്ര സർക്കാർ പറയുന്നു.
