ഡൽഹി : കോക്രോച്ച് ജനത പാർട്ടിയുടെ സമര വിജയത്തിന് പിന്നാലെ കേന്ദ്ര സർക്കാരിനെയും ബിജെപിയെയും ഞെട്ടിച്ച് പുതിയ സോഷ്യൽ മീഡിയ മൂവ്മെൻറ്. ‘E20 ജനതാ പാർട്ടി’ എന്ന് പേരിട്ടിക്കുന്ന ക്യാമ്പയിൻ ഇന്ധന ഉപഭോക്താക്കൾക്ക് 100% ശുദ്ധമായ പെട്രോൾ തെരഞ്ഞെടുക്കാനുള്ള അവകാശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് സജീവമാകുന്നത്. ‘E20 ജനതാ പാർട്ടി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അക്കൗണ്ടും പ്രത്യക്ഷപ്പെട്ടു. ഇന്ധനത്തിൽ ഉയർന്ന അളവിൽ എഥനോൾ കലർത്തുന്ന നിലവിലെ നയത്തിനെതിരെയാണ് പ്രതിഷേധം. “ഞങ്ങളുടെ വാഹനങ്ങളുടെ ഫ്യുവൽ ടാങ്കിൽ എന്ത് ഒഴിക്കണമെന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അവകാശം ഉപഭോക്താവിനായിരിക്കണം” എന്നാണ് E20 ജനതാ പാർട്ടി പ്രധാനമായും ആവശ്യപ്പെടുന്നത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ ജനശ്രദ്ധ നേടാൻ ഈ ക്യാമ്പയിന് സാധിച്ചിട്ടുണ്ട്. എക്സ്, ഇൻസ്റ്റഗ്രാം എന്നിവിടങ്ങളിലാണ് അക്കൗണ്ടുകൾ കാണപ്പെടുന്നത്. ‘വെറും 4 മണിക്കൂറിനുള്ളിൽ 4,000 ഫോളോവേഴ്സ്, ഈ പോക്കാണെങ്കിൽ നിതിൻ ഗഡ്കരിക്ക് പോലും ശ്രദ്ധിക്കേണ്ടി വരും’- എന്നാണ് E20 ജനതാ പാർട്ടിയുടെ എക്സിൽ വന്നൊരു പോസ്റ്റ്. ഇൻസ്റ്റഗ്രാമിലും ഫോളോവേഴ്സ് ഉയരുന്നുണ്ട്. വരും ദിവസങ്ങളിൽ ക്യാമ്പയിൻ കൂടുതൽ ശക്തമാകുമെന്നാണ് സോഷ്യൽ മീഡിയ ട്രെൻഡ് സൂചിപ്പിക്കുന്നത്.
BJPയെ ഞെട്ടിക്കാൻ അടുത്ത നീക്കം
