തുടക്കകാലത്ത് കേട്ട കുറ്റങ്ങളെ കുറിച്ച് രഞ്ജിനി ഹരിദാസ്

കൊച്ചി: മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട അവതാരകയാണ് രഞ്ജിനി ഹരിദാസ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്. അഭിമുഖങ്ങൾക്കൊപ്പം വ്യക്തിജീവിതവും കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങളും ര‍ഞ്ജിനി തന്റെ ചാനലിലൂടെ ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്. തന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ വ്യക്തികളെക്കുറിച്ചാണ് രഞ്ജിനിയുടെ പുതിയ വ്ളോഗ്. ഇതിൽ അമ്മയുടെയും അപ്പൂപ്പന്റെയും സഹോദരന്റെയും അധ്യാപകരുടെയും സുഹൃത്തുക്കളുടെയുമെല്ലാം പേരുണ്ട്. ഇക്കൂട്ടത്തിൽ സ്ഥാനം പിടിച്ചൊരാൾ മാധ്യമപ്രവർത്തകൻ ശ്രീകണ്ഠൻ നായരാണ്. മീഡിയ മേഖലയിൽ ജോലി ചെയ്യുന്ന കുറേ ആളുകളുടെ ജീവിതത്തിൽ സ്വാധീനമുണ്ടാക്കിയ വ്യക്തിയാണ് അദ്ദേഹമെന്ന് രഞ്ജിനി പറഞ്ഞു.

”ബൈജു കൊട്ടാരക്കരയാണ് എന്നെ ഏഷ്യാനെറ്റിലെ ‘സാഹസികന്റെ ലോകം’ ആങ്കറിങ്ങ് ചെയ്യാൻ വിളിക്കുന്നത്. അതിനുശേഷം ശ്രീകണ്ഠൻ നായർ ഐഡിയ സ്റ്റാർ സിങ്ങറിലേക്ക് വിളിച്ചു. ഞാൻ ആങ്കറായി വന്ന സമയത്ത് എന്റെ പേരിൽ കുറേ കുറ്റങ്ങളുണ്ടായിരുന്നു. രഞ്ജിനി ശരിയല്ല, ഇംഗ്ലീഷ് മാത്രം സംസാരിക്കുന്നു, ഇടുന്ന വേഷം നോക്കൂ, അട്ടഹസിക്കുന്നു, കെട്ടിപ്പിടിക്കുന്നു എന്നെല്ലാം പറഞ്ഞായിരുന്നു വിമർശനങ്ങൾ. എന്നെയും ശരത് സാറിനെയും മാറ്റാൻ കുറേ സമ്മർദമുണ്ടായിരുന്നു. ഞാനന്ന് യുകെയിൽ‌ നിന്ന് വന്ന കുട്ടിയാണ്. എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്, എനിക്കിതിന്റെ ഭാഗമാകേണ്ട എന്നൊക്കെ ഞാൻ ശ്രീകണ്ഠൻ സാറിനോട് പറഞ്ഞു. ഇല്ല, നമുക്ക് ശ്രമിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നിൽ അദ്ദേഹത്തിന് ആത്മവിശ്വാസമുണ്ടായിരുന്നു. അദ്ദേഹം കുറച്ച് മാറ്റങ്ങൾ നിർദ്ദേശിച്ചു.

രഞ്ജിനി സ്റ്റേജിൽ വരുമ്പോൾ മലയാളം മന:പാഠം പഠിച്ച് പറയണം, സാരി ഉടുക്കണം എന്നീ രണ്ട് കണ്ടീഷനുകളാണ് അദ്ദേഹം മുന്നോട്ടു വെച്ചത്. അങ്ങനെ എനിക്ക് എഴുതി തന്ന മലയാളം മനപാഠമാക്കി ആദ്യത്തെ കുറച്ച് സമയം ഞാൻ പറയാൻ ആരംഭിച്ചു. ആദ്യത്തെ പത്ത് സെക്കന്റാണല്ലോ ആൾക്കാരുടെ മനസിനെ സ്വാധീനിക്കാൻ പറ്റുന്നത്. അത് വർക്കായി. അങ്ങനെ കരിയറിൽ ഞാൻ ഏറ്റവും നന്ദി പറയേണ്ട ഒരാൾ അദ്ദേഹമാണ്. അതേസമയം പ്രൊഫഷനിൽ ഞാൻ ഏറ്റവും കൂടുതൽ അടിയുണ്ടാക്കുന്ന ആൾ കൂടിയാണ് ശ്രീകണ്ഠൻ സാർ. ഒരു ലൗ- ഹേറ്റ് റിലേഷൻ‌ഷിപ്പാണ് ഞങ്ങൾ തമ്മിലുള്ളതെന്ന് ‘, രഞ്ജിനി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *